തുപ്പൽ 11 കെവി ലൈനിൽ തട്ടിയതിന് പിന്നാലെ ഗുരുതരമായ രീതിയിൽ 65കാരന് പൊള്ളലേൽക്കുകയായിരുന്നു.
വിദിഷ: മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് മുറുക്കാൻ ചവച്ച് തുപ്പിയത് 11 കെവി ലൈനിലേക്ക്. ഷോക്കേറ്റ് 65കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. ഒക്ടോബർ 23നാണ് ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പ്രഫുൽ ഗുപ്ത എന്നയാൾ കൊല്ലപ്പെട്ടത്. തുപ്പൽ 11 കെവി ലൈനിൽ തട്ടിയതിന് പിന്നാലെ ഗുരുതരമായ രീതിയിൽ 65കാരന് പൊള്ളലേൽക്കുകയായിരുന്നു. ഛാത്തർപൂർ സ്വദേശിയായ ആശാരിപ്പണി ചെയ്തിരുന്ന 65കാരൻ പത്ത് വർഷത്തിലേറെയായി താമസിച്ചിരുന്ന കെട്ടിടത്തിൽ വച്ചാണ് സംഭവമുണ്ടായത്. ബഹുനില കെട്ടിടങ്ങൾക്ക് ഇടയിലൂടെ താഴ്ന്ന നിലയിൽ 11 കെവി ലൈനുകൾ പോവുന്നതിൽ പ്രദേശവാസികൾ പ്രകടിപ്പിച്ച ആശങ്ക വൈദ്യുതി കമ്പനി അവഗണിച്ചുവെന്നാണ് വ്യാപകമാവുന്ന ആരോപണം.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എന്നാൽ തുപ്പൽ പോലുള്ള ദ്രാവക രൂപത്തിലുള്ള പദാർത്ഥത്തിലൂടെ വൈദ്യുതി പ്രവഹിച്ചതിന്റെ ആശങ്കയിലാണ് നാട്ടുകാരുള്ളത്. തുടർച്ചയായ രീതിയിൽ തുപ്പിയാൽ മാത്രമാണ് ഇത്തരത്തിൽ ദ്രാവക വൈദ്യുതി കടത്തി വിടുന്ന രീതിയിൽ പ്രവർത്തിക്കൂവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചില സാഹചര്യങ്ങളിൽ 11 കെവി ലൈനുകൾക്ക് ചുറ്റും വൈദ്യുതിയുടെ ആർക് രൂപപ്പെടുന്ന സാഹചര്യമുണ്ട്. ഇത്തരം സാഹചര്യത്തിൽ വൈദ്യുതിക്ക് ബാൽക്കണിയിൽ നിൽക്കുന്ന ആൾക്ക് ഷോക്കേൽപ്പിക്കാനും സാധിക്കുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. സംഭവം പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാണമായിട്ടുണ്ട്. 65കാരന്റെ വീട്ടുടമ നിരവധി തവണ വീടിന് സമീപത്ത് കൂടി പോവുന്ന 11 കെവി ലൈനിനെതിരെ പരാതി നൽകിയിരുന്നെങ്കിലും കമ്പനി അവഗണിക്കുകയായിരുന്നു.







