ഉത്തർപ്രദേശ് എസ്ടിഎഫും ബീഹാർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 1.71 കോടി രൂപ വിലമതിക്കുന്ന 684 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഉപ്പ് ചാക്കുകളിൽ ഒളിപ്പിച്ച് ട്രക്കിൽ കടത്തുകയായിരുന്നു ലഹരി വസ്തുക്കൾ.  

ലഖ്‌നൗ: ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടി‌എഫ്) ബീഹാർ പോലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിൽ കുടുങ്ങിയത് 1.71 കോടി രൂപ വിലമതിക്കുന്ന 684 കിലോഗ്രാം കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് 3 പ്രതികളെ അറസ്റ്റ് ചെയ്തു. ഗയയിലെ ബരാച്ചട്ടിയിലാണ് സംഭവം. യുപിയിലെ ചന്ദൗലി സ്വദേശിയായ വികാസ് യാദവ്, ബീഹാറിലെ റോഹ്താസ് സ്വദേശി താമസിക്കുന്ന സഞ്ജീവ് തിവാരി, ധീരജ് കുമാർ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.

ഓപ്പറേഷനിലൂടെ, പ്രതികളിൽ നിന്ന് കള്ളക്കടത്ത് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ട്രക്ക്, പൈലറ്റ് വാഹനമായി ഉപയോഗിക്കുന്ന ഒരു ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവി, ആറ് മൊബൈൽ ഫോണുകൾ, രണ്ട് ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ബീഹാറിലേക്കും കിഴക്കൻ ഉത്തർപ്രദേശിലേക്കും ലഹരി വസ്തുക്കൾ വലിയ തോതിൽ കടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന് ശേഷം, രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നുവെന്ന് യുപി എസ്‌ടി‌എഫ് അഡീഷണൽ എസ്‌പി രാജ് കുമാർ മിശ്ര പറഞ്ഞു.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡീഷയിലെ സാംബൽപൂർ-ബൗധിൽ നിന്ന് ബിഹാറിലെ ഡെഹ്രിയിലേക്ക് പോകുന്ന ഒരു ട്രക്ക് എസ്ടിഎഫ് നിരീക്ഷിച്ചു. പിന്നീട് യുപി- എസ്ടിഎഫ് ബിഹാർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഉപ്പ് ചാക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. ഇവ സരോജ്, അശോക് എന്നീ വിതരണക്കാർ വഴി എത്തിച്ചതാണെന്നും റോഹ്താസിലെ മയക്കുമരുന്ന് വിതരണക്കാരനായ ബൽറാം പാണ്ഡെയ്ക്ക് എത്തിക്കാനായിരുന്നു ഉദ്ദേശമെന്നും പോലീസ് പറഞ്ഞു.

പാണ്ഡെ ബീഹാറിലും ചന്ദൗലി, വാരണാസി, ഗാസിപൂർ എന്നിവയുൾപ്പെടെ അതിർത്തി പങ്കിടുന്ന യുപി ജില്ലകളിലും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യ പ്രതികളിൽ ഒരാൾ പ്രതി ക്രെറ്റ കാർ ഉപയോഗിച്ച് മുന്നിലൂടെ നീങ്ങിയിരുന്നു. പൊലീസ് ചെക്കിംഗ് ഉൾപ്പെടെയുള്ള വിവരങ്ങൾ ട്രക്കിന് കൈമാറാനാണ് ഇങ്ങനെ ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.