ബാഗേജിന്റെ എക്സ് റേ സ്ക്രീനിങ്ങിൽ സംശയാസ്പദമായ ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിപ്പോൾ ബാഗിനുള്ളിൽ ഹൈഡ്രോ പോണിക്സ് കഞ്ചാവ് പിടികൂടിയതോടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 6E1064 വിമാനത്തിൽ 2025 നവംബർ 17 ന് എത്തിയ യാത്രക്കാരനെ ഗ്രീൻ ചാനൽ എക്സിറ്റിൽ വച്ച് പ്രൊഫൈലിങ് അടിസ്ഥാനത്തിൽ തടയുകയായിരുന്നു. ബാഗേജിന്റെ എക്സ് റേ സ്ക്രീനിങ്ങിൽ സംശയാസ്പദമായ ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിപ്പോൾ ബാഗിനുള്ളിൽ ഹൈഡ്രോ പോണിക്സ് കഞ്ചാവ് പിടികൂടിയതോടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിമാനത്താവളത്തിലെ പരിശോധനയിൽ അടുക്കള ഉപകരണങ്ങളുടെ അടിഭാഗത്ത് സൂക്ഷ്മമായി ഒളിപ്പിച്ച നിലയിൽ 874 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് കണ്ടെടുത്തത്. പച്ചനിറത്തിലുള്ള ഈ മയക്കുമരുന്ന് വിദഗ്ധമായി മറച്ചുവച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തെന്നും കേസെടുത്തെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
ഹൈഡ്രോപോണിക് കഞ്ചാവ്
കഞ്ചാവ് വകഭേദമാണ് ഹൈഡ്രോ അഥവാ ഹൈഡ്രോപോണിക് കഞ്ചാവുകൾ. വളരെ വീര്യം കൂടിയതാണ് ഇവ. ഫാമുകളിലും ഗ്രീൻഹൗസുകളിലായി നിയന്ത്രിത താപനിലയിലും ഈർപ്പത്തിലും വളർത്തിയെടുക്കുന്നവയാണ്. തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇവ ലഭിക്കുന്നത്. സാധാരണ കഞ്ചാവിലുള്ളതിനേക്കാൾ ടെട്രാഹൈഡ്രോകനാബിനോൾ (ടി എച്ച് സി) അളവ് ഇവയിൽ വളരെ കൂടുതലാണ്. ഹൈഡ്രോ കഞ്ചാവ് അത്യധികം ലഹരിയുള്ളതാണ്.
മലപ്പുറത്ത് സ്കൂൾ ബസ് ഡ്രൈവർ കഞ്ചാവ് കേസിൽ പിടിയിൽ
അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന വാർത്ത കോട്ടക്കലിൽ എക്സൈസ് പരിശോധനയിൽ 16 കിലോയിലധികം കഞ്ചാവും 20 ലക്ഷത്തിലധികം രൂപയുമായി സ്‌കൂൾ ബസ് ഡ്രൈവറെ അറസ്റ്റിലായി എന്നതാണ്. കോട്ടക്കൽ സ്വദേശിയായ ഷഫീർ വി കെ (34) എന്നയാളെയാണ് കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അഖിൽ പി എമ്മും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കോട്ടക്കൽ ടൗണിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ കഞ്ചാവുമായി വന്ന ഇയാളെ പിടികൂടുകയും തുടർന്ന് ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടിൽ സൂക്ഷിച്ചരുന്ന ബാക്കി കഞ്ചാവും കണക്കിൽപ്പെടാത്ത പണവും കണ്ടെടുക്കുകയുമായിരുന്നു. ആകെ 16.6 കിലോഗ്രാം കഞ്ചാവും 20,94,810 രൂപയും കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. കാലങ്ങളായി കോട്ടക്കലിലെ ഒരു സ്കൂളിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരുന്ന പ്രതി പകൽ ഡ്രൈവർ ജോലി ചെയ്യുകയും അതിന് ശേഷം കോട്ടക്കലിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മൊത്തമായും ചില്ലറയായും കച്ചവടം നടത്തിവരികയുമായിരുന്നു.


