തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുന്‍വശത്ത് നമ്പര്‍ ഇല്ലാത്തതായി കണ്ടത്

ചാലക്കുടി: തൃശൂരിൽ വില്‍പ്പനക്കായി എത്തിച്ച ഒമ്പതുകിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ രണ്ടുപേരെ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ ഹിറ്റ്‌ലര്‍ ഷെയ്ക്ക് (43), നൂര്‍ ഇസ്ലാം (35) എന്നിവെരയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. നമ്പര്‍ വ്യക്തമല്ലാത്ത മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുന്‍വശത്ത് നമ്പര്‍ ഇല്ലാത്തതായി കണ്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലും പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗുകളിലും സഞ്ചികളിലുമായി ഒമ്പതുകിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചാലക്കുടി പൊലീസ് സ്റ്റേഷന്‍ എസ്.ഐ.മാരായ എ.വി. ലാലു, കെ.എ. കൃഷ്ണന്‍, സി.പി.ഒമാരായ കെ.എച്ച്. ദീപു എന്നിവരും സന്നിഹിതരായിരുന്നു.

മറ്റൊരു സംഭവത്തിൽ ഇടുക്കി വാഗമണ്ണിൽ ലഹരി മരുന്നുമായി യുവതി അടക്കം രണ്ടു പേരെ എക്സൈസ് പിടികൂടി. ഇവരിൽ നിന്നും 50 ഗ്രാം എംഡിഎംഎയും കഞ്ചാവ് ഹാഷിഷ് ഓയിലും മൂന്നേമുക്കാൽ ലക്ഷം രൂപയും കണ്ടെടുത്തു. കോഴിക്കോട് റഹ്മാൻ ബസാർ സ്വദേശി മുഹമ്മദ് ഫവാസ്, ഫറോക്ക് സ്വദേശി ശ്രാവൺ താര എന്നിവരാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുമായി പീരുമേട് എക്സൈസിൻറെ പിടിയിലായത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഗമൺ ഭാഗത്ത് എക്സൈസ് സംഘം വാഹന പരിശോധന നടത്തുകയായായിരുന്നു. ഈ സമയത്താണ് മുഹമ്മദ് ഫവാസും ശ്രാവൺതാരയും കാറിലെത്തിയത്. പരിശോധനയിൽ വാഹനത്തിൽ നിന്നും 47 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെത്തി. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത്പോൾ വാഗമണ്ണിലെ റിസോർട്ടിൽ മുറിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ രണ്ടു ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാമോളം ഹാഷിഷ് ഓയിലും മൂന്നു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയും അഞ്ച് മൊബൈൽ ഫോണുകളും പിടികൂടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം