രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് ആം ആദ്മി പാർട്ടി എംപിമാർ ബിജെപിയിലേക്ക്. ഇത് ഓപ്പറേഷൻ ലോട്ടസാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും എഎപി നേതൃത്വം പ്രതികരിച്ചു. രാഘവ് ഛദ്ദയ്ക്ക് ഓഫർ കിട്ടിയത് കേന്ദ്ര മന്ത്രിസ്ഥാനം ആണെന്ന് എ എ പി വൃത്തങ്ങൾ പ്രതികരിച്ചു

ദില്ലി: ആം ആദ്മി പാർട്ടിക്ക് വലിയ പ്രഹരം നൽകിക്കൊണ്ട് 10 എംപിമാരിൽ ഏഴ് പേരും പാർട്ടി വിട്ട് ബിജെപിയിലേക്ക്. തന്നോടൊപ്പം ആറ് എംപിമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദയാണ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപിക്ക് കനത്ത തിരിച്ചടിയാണ് എംപിമാരുടെ ഈ അപ്രതീക്ഷിത നീക്കം. അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്വാതി മാലിവാൾ, ഹർഭജൻ സിങ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിക്കൊപ്പം ചേരുമെന്നാണ് രാഘവ് ഛദ്ദ അവകാശപ്പെട്ടത്. താൻ 15 വർഷത്തോളം എഎപിക്കായി സ്വയം സമർപ്പിച്ചെന്നും എന്നാൽ പാർട്ടി ഇപ്പോൾ അതിന്‍റെ ലക്ഷ്യങ്ങളിൽ നിന്നും അഴിമതി വിരുദ്ധ പോരാട്ടങ്ങളിൽ നിന്നും വ്യതിചലിച്ചെന്നും രാഘവ് ഛദ്ദ ആരോപിച്ചു. താൻ തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

ഓപ്പറേഷൻ ലോട്ടസെന്ന് സഞ്ജയ് സിങ്

അതേസമയം രാഘവ് ഛദ്ദയ്ക്ക് ഓഫർ കിട്ടിയത് കേന്ദ്ര മന്ത്രിസ്ഥാനം ആണെന്ന് എ എ പി വൃത്തങ്ങൾ പ്രതികരിച്ചു. ഓപ്പറേഷൻ ലോട്ടസ് ആണ് നടന്നതെന്നും ഇതുവഴി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നും സഞ്ജയ് സിങ് പ്രതികരിച്ചു. പഞ്ചാബിലെ ജനങ്ങൾ ആ ഏഴു പേർക്കും മാപ്പ് നൽകില്ല. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും സഞ്ജയ് സിങ് വിമർശിച്ചു. ഭയമോ പ്രലോഭനമോ കാരണമാണ് ഇവർ പാർട്ടി വിട്ടതെന്നും എഎപി നേതൃത്വം പ്രതികരിച്ചു.

രാജ്യസഭയിലെ എഎപി എംപിമാരുടെ മൂന്നിൽ രണ്ട് ഭാഗവും കൂടുമാറുന്നതിനാൽ അയോഗ്യതാ ഭീഷണി ഒഴിവാക്കി ബിജെപിയുമായി ലയിക്കാൻ കഴിയുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. ഇതുസംബന്ധിച്ച രേഖകൾ രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന് കൈമാറിയിട്ടുണ്ട്. നിലവിൽ 10 എംപിമാരുള്ള എഎപിക്ക് ഇതോടെ പാർലമെന്‍റിലെ സ്വാധീനം വലിയ തോതിൽ കുറയും. രാഘവ് ഛദ്ദയെ അടുത്തിടെ രാജ്യസഭയിലെ എഎപി ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം അശോക് മിത്തലിനെ നിയമിച്ചത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു.