ഗദഗിലെ സിഎസ് പാട്ടീൽ ബോയ്സ് ഹൈസ്കൂൾ, സിഎസ് പാട്ടീൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ പരീക്ഷയിലാണ് ഹിജാബ് അനുവദിച്ചത്. രണ്ട് പരീക്ഷ സെന്റർ സൂപ്രണ്ടുമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഗദഗ്: കർണാടകയിലെ ഗദഗ് ജില്ലയിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് (SSLC exams in Karnataka) ഹിജാബ് (Hijab) ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുവാദം നല്‍കിയ ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തു.

ഗദഗിലെ സിഎസ് പാട്ടീൽ ബോയ്സ് ഹൈസ്കൂൾ, സിഎസ് പാട്ടീൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ പരീക്ഷയിലാണ് ഹിജാബ് അനുവദിച്ചത്. രണ്ട് പരീക്ഷ സെന്റർ സൂപ്രണ്ടുമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

മാർച്ച് 15 ന് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കർണാടക സ്കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

യൂണിഫോം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ന്യായമാണെന്നും വിദ്യാർത്ഥികൾക്ക് ഇതിനെ എതിർക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹിജാബ് ധരിച്ചതിന് കർണാടക ഉഡുപ്പി പ്രി യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ആറ് വിദ്യാർത്ഥികളെ പുറത്താക്കിയിരുന്നു. ഇതാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദം ഉയരാന്‍ ഇടയാക്കിയത്. 

കഴിഞ്ഞ ദിവസം ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. ഹിജാബ് മാറ്റിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചത്.

ഹിജാബ് അനുവദിക്കില്ലെന്നും പരീക്ഷയ്ക്ക് എത്തുന്നവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എട്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതില്‍ നാലര ലക്ഷത്തോളം പെണ്‍കുട്ടികളാണ്. 

ഹിജാബിന്‍റെ പേരില്‍ പരീക്ഷ ബഹിഷ്കരിക്കുന്നവര്‍ക്ക് രണ്ടാമത് അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉഡുപ്പി അടക്കം തീരമഖലകളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്കൂളുകള്‍ക്ക് മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതിനിടെ, ഹിജാബ് നിരോധനത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്‍റെ ഭാഗമാണെന്നും ഒഴിവാക്കാനാവില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. 

വിധി ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയിലുണ്ട്. കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്തയും സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. വിധി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ഏതാനും വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചിട്ടില്ല.