സാങ്കേതിക തകരാർ കാരണം  ദില്ലി വിമാനത്താവളത്തിൽ 800 വിമാന സർവീസുകൾ വൈകി. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ദില്ലി വിമാനത്താവളം അധികൃതർ അറിയിച്ചു.

ദില്ലി: ദില്ലി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്. പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ദില്ലി വിമാനത്താവളം അധികൃതർ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടിക്കറ്റെടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിം​ഗ് സിസ്റ്റമാണ് തകരാറിലായത്. നിലവിൽ ഉദ്യോ​ഗസ്ഥർ നേരിട്ടാണ് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങൾ വൈകാൻ കാരണമാകുന്നതെന്നുമാണ് അധികൃതർ പറയുന്നത്. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ പ്രത്യേകം ഉദ്യോ​ഗസ്ഥരയടക്കം വിന്യസിച്ച് തീവ്ര ശ്രമം തുടരുകയാണ്. ദില്ലിയിൽനിന്നും പോകേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. ദില്ലിയിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർ വിമാനകമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്നും നിശ്ചയിച്ച സമയത്തിലും നേരത്തെ വിമാനത്താവളത്തിലെത്തണമെന്നും വിമാന കമ്പനികൾ മാർ​ഗനിർദേശം പുറത്തിറക്കി.

പല വിമാനങ്ങളും ഒരു മണിക്കൂറോളം വൈകി. ചില വിമാനങ്ങൾ റദ്ദായി. ദില്ലി വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായത് പറ്റ്ന, മുംബൈ മുതലായ രാജ്യത്തെ പല വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം ദില്ലിയിലടക്കം തെറ്റായ സി​ഗ്നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമം നടക്കുന്നതായും, ഡിജിസിഎ ഇതിൽ അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇതാണോ തകരാറിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

YouTube video player