സൈനിക ക്യാമ്പിലെ ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുകയും യൂണിറ്റ് ബേസിനെ പ്രതികൂലമായി ബാധിക്കുകയും 9 പേരെ കാണാതായെന്ന് സംശയിക്കുകയും ചെയ്യുന്നതായി സൈന്യം അറിയിച്ചു.

ദില്ലി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മിന്നൽ പ്രളയത്തിൽ ഒമ്പത് സൈനികരെയും കാണാതായി. ഹർഷിലിലുള്ള സൈനിക ക്യാമ്പിൽ നിന്നാണ് സൈനികരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. സൈനിക ക്യാമ്പിനെയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു. ഹർഷിലിലെ ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് വെറും 4 കിലോമീറ്റർ അകലെയുള്ള ധരാലി ഗ്രാമപ്രദേശത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1:45 ന് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. 

സൈനിക ക്യാമ്പിലെ ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുകയും യൂണിറ്റ് ബേസിനെ പ്രതികൂലമായി ബാധിക്കുകയും 9 പേരെ കാണാതായെന്ന് സംശയിക്കുകയും ചെയ്യുന്നതായി സൈന്യം അറിയിച്ചു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും സൈന്യം അറിയിച്ചു. ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി. നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്.

സംഭവം നടന്ന് 10 മിനിറ്റിനുള്ളിൽ, സൈന്യം 150 പേരെ ദുരന്തസ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവർത്തകർകുടുങ്ങിക്കിടക്കുന്ന ഗ്രാമീണരെ ഒഴിപ്പിച്ചു. വൈകുന്നേരം വരെയും മഴ തുടർന്നത് രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതരായ സാധാരണക്കാർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യൻ സൈന്യം പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു. 

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംഭവത്തെ അങ്ങേയറ്റം ദുഃഖകരവും ദുരിതപൂർണ്ണവുമാണെന്ന് വിശേഷിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. 40 മുതൽ 50 വരെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉത്തരാഖണ്ഡ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. സുധാൻഷു പറഞ്ഞു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകൾ സർവീസ് നടത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.