ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോ ബൈഡന്‍ നന്ദി പറയേണ്ടത് അമേരിക്കന്‍ ജനതയോട് മാത്രമായിരിക്കില്ല, തമിഴ്‌നാട്ടിലെ ഈ ഗ്രാമത്തോട് കൂടിയാകും. അത്രയ്ക്ക് ഇവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്, കമലാ ഹാരിസിന്റെ വിജയത്തിനായി. 

തിരുവാരൂര്‍ ജില്ലയിലെ തുലസെന്ദ്രാപുരം ഗ്രാമത്തിലെ ജനങ്ങളാണ് കമലയ്ക്കായി ക്ഷേത്രത്തില്‍ കയറി ഇറങ്ങുന്നത്. കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാല്‍ തമിഴ്‌നാട് സ്വദേശിയാണ്. തുലസെന്ദ്രാപുരത്താണ് ശ്യാമള ജനിച്ചുവളര്‍ന്നത്. അതുകൊണ്ടുതന്നെ ഈ ഗ്രാമത്തിലുള്ളവര്‍ തങ്ങളുടെ മകള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റാകാന്‍ പ്രാര്‍ത്ഥനയോടെ ക്ഷേത്രത്തിലെത്തുന്നു. 

ഗ്രാമത്തിലെ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തിയാണ് ഇവര്‍ പൂജകള്‍ നടത്തുന്നത്. കമല ഹാരിസിന്റെ ഇഷ്ട വിഭവമായ ഇഡ്ഡലിയും ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നല്‍കുന്നുണ്ട്. ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് കമല സംഭാവന നല്‍കിയിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. 

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് കമലാ ഹാരിസ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ്. നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. നിലവില്‍ ജോ ബൈഡനാണ് മുന്നില്‍.