അയാളെ മുഖ്യമന്ത്രി കെട്ടിപ്പിടിക്കരുതായിരുന്നു. എത്ര കുടുംബത്തിലെ എത്ര പേർ മരിച്ചു? എത്ര കുടുംബത്തിന്‍റെ അത്താണികൾ ഇല്ലാതെയായി..അവർക്കായി സർക്കാരും സുപ്രീം കോടതിയും എന്ത് ചെയ്തു?
ചെന്നൈ: പേരറിവാളനെ (perarivalan) ജയിൽ മോചിതനാക്കിയതിനെതിരെ തമിഴ്നാട് മുൻ എഡിഎസ്പി അനസൂസ ഏണസ്റ്റ്(Anusuya Daisy Ernest). ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധിയുടെ (Rajiv Gandhi) സുരക്ഷാ ചുമതലയുണ്ടായിരുന്ന അനസൂയക്ക് ബോംബ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പേരറിവാളൻ തീവ്രവാദി തന്നെയാണെന്നും അദ്ദേഹത്തെ വിട്ടയക്കുന്നത് തെറ്റായ കീഴ്വഴക്കത്തിന് തുടക്കമിടുമെന്നും അനസൂയ ഏണസ്റ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാജീവ് ഗാന്ധി വധം നടന്ന ശ്രീപെരുമ്പത്തൂരിൽ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടറായിരുന്നു അനസൂയ. രാജീവ് ഗാന്ധിയുടെ തൊട്ടടുത്തുണ്ടായിരുന്ന അനസൂയയെ തള്ളി മാറ്റിയതിന് ശേഷമാണ് ചാവേറായ തനു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ അനസൂയയുടെ വലതുകൈപ്പത്തി ചിതറിപ്പോയി.
വലതുതുടയിലും കാലിലും ചുമലിലും മാറിടത്തിലുമെല്ലാം പൊള്ളലേറ്റു. ശരീരമാസകലം ഇരുമ്പുചീളുകൾ തുളഞ്ഞുകയറി. കണ്ണിനു താഴെയും ചുമലിലും മാറിടത്തിലുമെല്ലാം ഇന്നുമവ പുറത്തെടുക്കാനാകാത്ത വിധം തറഞ്ഞിരിപ്പുണ്ട്. എഡിഎസ്പിയായി സർവീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലാണ്. വേദനയോടെയാണ് പേരറിവാളനെ വിട്ടയക്കാനുള്ള തീരുമാനം കേട്ടതെന്ന് അനസൂയ.
അമ്മയുടെ വയറ്റിൽ നിന്ന് ജനിക്കുന്നത് ഞാനറിഞ്ഞിട്ടില്ല. പക്ഷേ പുനർജന്മത്തിന്‍റെ വേദന അറിഞ്ഞിട്ടുണ്ട്. ഒരു ജീവൻ പോയാൽ വരില്ല, തൂക്കുകയറിൽ നിന്ന് രക്ഷപ്പെടാൻ ഈ ക്രിമിനലുകൾ എത്ര അപ്പീൽ കോടുത്തു, എത്ര കോടി ചെലവിട്ടു? അപ്പോൾ ജീവന്‍റെ വില അവർക്ക് അറിയാഞ്ഞിട്ടല്ല. നോക്കൂ എന്‍റെ ശരീരം മുഴുവൻ എരിഞ്ഞുപോയി - അനസൂയ പറയുന്നു.
എല്ലാവരും പേരറിവാളന്‍റെ മനുഷ്യാവകാശത്തെപ്പറ്റി സംസാരിക്കുകയാണ്. സ്ഫോടനത്തിൽ മരിച്ച മറ്റ് പതിനാറ് പേർക്കുവേണ്ടിയും അംഗഭംഗം വന്ന് ഇന്നും വേദനയും ദുരിതവും അനുഭവിക്കുന്ന തന്നെപ്പോലുള്ളവർക്കായും സംസാരിക്കാൻ ആരുമില്ല. സുപ്രീം കോടതിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷ വിമർശനം.
അയാളെ മുഖ്യമന്ത്രി കെട്ടിപ്പിടിക്കരുതായിരുന്നു. എത്ര കുടുംബത്തിലെ എത്ര പേർ മരിച്ചു? എത്ര കുടുംബത്തിന്‍റെ അത്താണികൾ ഇല്ലാതെയായി..അവർക്കായി സർക്കാരും സുപ്രീം കോടതിയും എന്ത് ചെയ്തു? അവർ എങ്ങനെ ജീവിച്ചു, എങ്ങനെ ഭക്ഷണം കഴിച്ചു എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? -അനസൂയ രോഷത്തോടെ പറയുന്നു.
പേരറിവാളൻ തീവ്രവാദി തന്നെയാണ്. കുറ്റവാളികളെ മനുഷ്യാവകാശത്തിന്‍റെ പേരിൽ തുറന്നുവിടുന്നത് അവരുടെ കുറ്റങ്ങളിൽ ഇരകളായവരോടുള്ള അനീതിയാണ്. ഇത് തെറ്റായ കീഴ്വഴക്കമുണ്ടാക്കും. ജയിൽ മോചിതനായ പേരറിവാളനെ കെട്ടിപ്പിടിച്ച് സ്വീകരിച്ച മുഖ്യമന്ത്രിയും തെറ്റായ സന്ദേശമാണ് നൽകിയത്. സ്ഫോടനത്തിന്‍റെ തീരാവേദനയുമായി ജീവിക്കുന്ന തന്നെപ്പോലുള്ളവരെ ആരെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോയെന്നും അനസൂയ ചോദിക്കുന്നു.
