Asianet News MalayalamAsianet News Malayalam

വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാർ നമ്പർ നിർബന്ധമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

വോട്ടർ ആകാൻ 12 അക്ക ആധാര്‍ നമ്പര്‍  ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് ജി നിരഞ്ജൻ എന്നയാളാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്

Aadhaar number not mandatory to register as voter SSM
Author
First Published Sep 22, 2023, 11:13 AM IST

ദില്ലി: വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ്  നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നേരത്തെയുള്ളവരുടെ രേഖകൾ പുതുക്കുന്നതിനുമുള്ള ഫോമുകളിൽ മാറ്റങ്ങൾ വരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹരജിക്കുള്ള മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേട്ടത്. 2022 ലെ വോട്ടര്‍മാരുടെ രജിസ്ട്രേഷൻ (ഭേദഗതി) നിയമ പ്രകാരം റൂൾ 26 ബിയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 

റൂള്‍ 26 ബി പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നേരത്തെ ആധാര്‍ നമ്പര്‍ വേണമായിരുന്നു. എന്നാല്‍ 2022 ലെ ഭേദഗതി പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതിനായി ഫോം 6, ഫോം 6 ബി എന്നിവയില്‍ മാറ്റം വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇതിനകം 66 കോടി ആധാർ നമ്പറുകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ സുകുമാർ പട്ജോഷി പറഞ്ഞു.

വോട്ടർ ആകാൻ 12 അക്ക ആധാര്‍ നമ്പര്‍  ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് ജി നിരഞ്ജൻ എന്നയാളാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്. ഫെബ്രുവരി 27ന് നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios