എഎപിക്ക് പ്രതിസന്ധിയാകുകയാണ് മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി കേന്ദ്രം അറസ്റ്റ് ചെയ്യുകയാണെന്ന് എഎപി വിമർശിച്ചു.
ദില്ലി: പഞ്ചാബിൽ ആംആദ്മി എംപിമാർ പാർട്ടി വിട്ടതിന് പിന്നാലെ എഎപിക്ക് പ്രതിസന്ധിയാകുകയാണ് മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്. 100 കോടി രൂപയുടെ കള്ളപ്പണക്കേസിൽ അറസ്റ്റിലായ മന്ത്രിയെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി കേന്ദ്രം അറസ്റ്റ് ചെയ്യുകയാണെന്ന് എഎപി വിമർശിച്ചു.

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഇനി ഒമ്പത് മാസം മാത്രമാണ് ബാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ പ്രതിസന്ധിയിലാണ് എഎപി സർക്കാർ. അധികാരം ലക്ഷ്യമിട്ട് നാലുകോണിൽ നിന്നും ബിജെപി വരിഞ്ഞുമുറുക്കുന്നുവെന്നാണ് ആപിന്‍റെ ആരോപണം. രാഘവ് ഛദ്ദയടക്കം നേതാക്കൾ ബിജെപിയിൽ ചേർന്നതിന്റെ ആഘാതം മറിക്കടക്കാൻ സകലശക്തിയും പാർട്ടി പുറത്തെടുക്കുന്നതിനിടെയാണ് കാബിനറ്റ് മന്ത്രിയെ കള്ളപ്പണക്കേസിൽ ഇഡി പിടികൂടിയത്. ഇന്നലെ പുലർച്ചെ അറോറയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കമ്പനികൾ വഴി മൊബൈൽ ഫോണുകളുടെ വ്യാജ പർച്ചേസ് ബില്ലുകൾ നിർമിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ജിഎസ്ടി റീഫണ്ടും തട്ടിയെടുത്തു എന്നാണ് സഞ്ജീവ് അറോറയ്ക്കെതിരെയുള്ള ആരോപണം. ഇത്തരത്തിൽ സമ്പാദിക്കുന്ന പണം ദുബായ് വഴി ഇന്ത്യയിലേക്ക് തിരികെ എത്തിച്ച് നിയമവിധേയമാക്കാൻ ശ്രമിച്ചതായും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അറോറ മുൻപ് രാജ്യസഭാംഗമായിരുന്നു. ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ ഉയർന്നുകേട്ട പേരുകളിൽ ഒന്നായിരുന്നു അറോറയുടേത്. എന്നാൽ പാർട്ടിക്കൊപ്പം തന്നെ നിൽക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
ബിജെപിയിൽ ചേർന്ന മുൻ എംപി അശോക് മിത്തലിന്റെ സ്ഥാപനങ്ങളിലും നേരത്തെ ഇഡി റെയ്ഡ് നടത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചുവടുമാറ്റം. ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ വീണ്ടും ബിജെപി ശ്രമിക്കുകയാണെന്ന് എഎപി ആരോപിച്ചു. ബിജെപിയുടെ കൈയിലെ ഉപകരണമായി ഇഡി മാറിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചു. അറസ്റ്റിനെതിരെ ദില്ലിയിലടക്കം കെജരിവാളിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധത്തിലാണ് പാർട്ടി തീരുമാനം.

