ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പത്ത് ഉറപ്പുകള്‍. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും, 200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്കേര്‍പ്പെടുത്തില്ല തുടങ്ങിയവയാണ് പ്രധാനപ്രഖ്യാപനങ്ങള്‍.

ദില്ലി മെട്രോ 500 കിലോമീറ്റര്‍ കൂടി വ്യാപിപ്പിക്കും, ചേരിനിവാസികള്‍ക്ക് ചേരിക്കടുത്ത് വീട് വച്ച് നല്‍കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യയാത്ര ഏര്‍പ്പാടാക്കും തുടങ്ങിയവയും പ്രധാന പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു. 

പ്രകടനപത്രികയുടെ ഭാഗമായ വാഗ്ദാനങ്ങളല്ല പ്രഖ്യാപിച്ചതെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ പ്രകടന പത്രിക  പുറത്തിറക്കും. എന്നാൽ,അഞ്ച് വ‍ർഷം ഭരിച്ചിട്ടും ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ റിപ്പോർട്ട് കാർഡുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

ഫെബ്രുവരി 8നാണ് ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.  നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്. നിലവിലെ ഭരണപക്ഷമായ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് ദില്ലിയില്‍ പ്രധാന മത്സരം.  കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയിട്ടില്ല. കെജ്‍രിവാളിനെതിരെ ആരെ ഇറക്കുമെന്നത് സംബന്ധിച്ചും ആശയക്കുഴപ്പം തുടരുന്നതിനിടെ പ്രചാരണരംഗത്ത് മുന്നേറാനാണ് ആംആദ്മിയുടെ നീക്കം
 

Read Also: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് 54 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആം ആദ്മി പാര്‍ട്ടി എഴുപതംഗ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാരാണ് നാലുദിവസത്തിനിടെ പാര്‍ട്ടി വിട്ടത്. 

Read Also: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എഎപിയില്‍ പൊട്ടിത്തെറി: സീറ്റ് കിട്ടാത്തവര്‍ പാര്‍ട്ടി വിടുന്നു