ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ കന്നിയങ്കത്തിൽ വൻ വിജയമാണ് ആംആദ്മി പാർട്ടി നേടിയത്. 

ദില്ലി : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവേ നടന്ന ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷൻ ( Municipal Corporation Chandigarh) തെരഞ്ഞെടുപ്പില്‍ വൻ വിജയം നേടി ആംആദ്മി പാര്‍ട്ടി (AAP Party). ആകെയുള്ള 35 സീറ്റുകളിൽ ആംആദ്മി 14 സീറ്റുകളിലും ബിജെപി (BJP) 12 സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് സീറ്റുകളിലും ശിരോമണി അകാലിദൾ ഒരു സീറ്റിലും വിജയിച്ചു. ആകെ 35 സീറ്റുകളാണ് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷനിലുള്ളത്. ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ കന്നിയങ്കത്തിൽ വൻ മുന്നേറ്റമാണ് ആംആദ്മി പാർട്ടി നേടിയത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 20 സീറ്റിലും അകാലിദള്‍ ഒരു സീറ്റിലും വിജയിച്ചിരുന്നു. കോണ്‍ഗ്രസിന് നാല് സീറ്റും ലഭിച്ചിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ കർഷകർ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ സമരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന സൂചനയാണ് കോർപ്പറേഷൻ ഫലം സൂചിപ്പിക്കുന്നത്.

വലിയ തിരിച്ചടിയാണ് ചണ്ഡീഗഡിൽ ബിജെപിക്കേറ്റത്. ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെട്ടു. നിലവിലെ മേയര്‍ ബിജെപിയുടെ രവികാന്ത് ശര്‍മ്മയെ ആംആദ്മി പാര്‍ട്ടിയുടെ ദമന്‍ പ്രീത് സിംഗാണ് തോല്‍പിച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ചണ്ഡീഗഢ് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിലെ വിജയമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നും ആം ആദ്മി പാര്‍ട്ടിയും പ്രതികരിച്ചു.