ക്ഷേത്രങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങളിലെ നിലവാരം ഉറപ്പിക്കാനും നിലവാരമില്ലാത്ത നെയ്യ് ഉഴിച്ച് വിളക്കുകള്‍ കത്തിക്കുന്നത് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദേഷം കുറയ്ക്കാനുമാണ് നിര്‍ദ്ദേശമെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്

ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ ആവിന്‍ നെയ്യും വെണ്ണയും മാത്രം ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശവുമായി തമിഴ്നാട്. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് വകുപ്പിന്റേതാണ് സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ സഹായിക്കുന്ന നിലപാട്. തമിഴ്നാട്ടിലെ ഫിഷറീസ് മൃഗക്ഷേമ വകുപ്പിന് കീഴിലെ ക്ഷീര ഉല്‍പാദക സൊസൈറ്റിയുടെ പാലും പാല്‍ ഉല്‍പന്നങ്ങളും തയ്യാറാക്കുന്നത് ആവിന്‍ ആണ്.

ക്ഷേത്രങ്ങളിലെ പ്രസാദം തയ്യാറാക്കാനും വിളക്കുകള്‍ തെളിയിക്കാനും ഇനി ആവിന്‍ വെണ്ണയും നെയ്യും മാത്രം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ക്ഷേത്രങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങളിലെ നിലവാരം ഉറപ്പിക്കാനും നിലവാരമില്ലാത്ത നെയ്യ് ഉഴിച്ച് വിളക്കുകള്‍ കത്തിക്കുന്നത് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷം കുറയ്ക്കാനുമാണ് നിര്‍ദ്ദേശമെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. 2022 ജനുവരി 1 മുതല്‍ ഈ ഉത്തരവ് നിലവില്‍ വരുമെന്നും ക്ഷേത്ര ഭാരവാഹികള്‍ക്കുള്ള കത്തില്‍ വകുപ്പ് വിശദമാക്കുന്നു.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലെ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രമുഖ ബ്രാന്‍ഡ് ആയ ആവിന്‍ ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഈയടുത്താണ് ആവിന്‍ മാമേജിംഗ് ഡയറക്ടര്‍ എന്‍ സുബ്ബയ്യന്‍ വകുപ്പിന് കത്തെഴുതിയത്. ഇത് ആവശ്യവുമായി 25 യൂണിയനുകളും വകുപ്പിന് കത്തെഴുതിയിരുന്നു. 15 മില്ലിയുടെ പാക്കറ്റ് മുതല്‍ 15 കിലോയുടെ വരെ പാക്കറ്റ് ഉല്‍പ്പന്നങ്ങള്‍ നിലവില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ഇതിന്‍റെ വിതരണം എല്ലായിടത്തും ഉറപ്പാക്കുമെന്നും ആവിന്‍ അധികൃതര്‍ വിശദമാക്കി.

ഈ നീക്കത്തിലൂടെ സംസ്ഥാനത്തെ 1200 ക്ഷേത്രങ്ങളിലായി 150 മുതല്‍ 250 ടണ്‍ വരെ നെയ്യും വെണ്ണയും വിറ്റഴിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ആവിനുള്ളത്. തമിഴ്നാട്ടിലെ ക്ഷീര ഉല്‍പാദക അസോസിയേഷന്‍ സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആവിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാടിന് ക്ഷീര കര്‍ഷകര്‍ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. ഇതിന് പുറമേ പൊങ്കലിന് വിതരണം ചെയ്യാനുള്ള സമ്മാന പാക്കറ്റുകളിലും ആവിന്‍റെ നെയ്യാണ് നല്‍കുന്നത്.