ഇവരെക്കൂടാതെ മറ്റ് 13 പേര്‍ക്കുകൂടി ജാമ്യം ലഭിച്ചു. 50000 രൂപയുടെ ബോണ്ടിലാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്...

ലക്നൗ: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തക സദഫ് ജാഫറിനും മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ദരപുരിക്കും ജാമ്യം ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 13 പേര്‍ക്കുകൂടി ജാമ്യം ലഭിച്ചു. 50000 രൂപയുടെ ബോണ്ടിലാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. 

ഹസ്രത്ഗഞ്ജിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സദഫിനെ അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ സദഫ് ഫേസ്ബുക്കില്‍ ലൈവ് ചെയ്യുകയായിരുന്നു. പരിവര്‍ത്തന്‍ ചൗക്കില്‍ നിന്നാണ് മറ്റ് പ്രതിഷേധകര്‍ക്കൊപ്പം സദഫിനെയും അറസ്റ്റ് ചെയ്തതെന്ന് ഹസ്രത്ഗഞ്ജ് പൊലീസ് ഓഫീസര്‍ ഡിപി കുശ്വാഹ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധകര്‍ക്കെതിരെ ഒരുപറ്റം ആളുകള്‍ ക്രൂരമായ ആക്രമണം അഴിച്ചുവിടുമ്പോള്‍ പൊലീസ് ഉദാസീനരായി നോക്കിനില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ട് വീഡിയോകള്‍ സദഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

പാര്‍ലമെന്‍റ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതുമുതല്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. സര്‍വ്വകലാശാലകളില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. 20 ലേറെ പേരാണ് പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന്ന പേര്‍ക്കെതിരെ കേസെടുത്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കം നിരവധി പ്രതിഷേധിച്ചതിന്‍റെ പേരില്‍ ജയിലിലാണ്.