Asianet News MalayalamAsianet News Malayalam

'സംഭവിച്ചത് നാക്ക് പിഴ'; മാപ്പ് പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി ദ്രൗപദി മുർമുവിന് കത്തയച്ചു

നാക്ക് പിഴയാണ് സംഭവിച്ചതെന്ന് കാണിച്ച് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജന്‍ ചൗധരി കത്തില്‍ പറയുന്നു.

Adhir Ranjan Chowdhury apologize for insulting the President droupadi murmu
Author
Delhi, First Published Jul 29, 2022, 6:59 PM IST

ദില്ലി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചതിന് മാപ്പ് പറഞ്ഞ് ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. നാക്ക് പിഴയാണ് സംഭവിച്ചതെന്ന് കാണിച്ച് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജന്‍ ചൗധരി കത്തില്‍ പറയുന്നുണ്ട്. അധിർ രഞ്ജന്‍ ചൗധരിവിന‍റെ വിവാദ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. 

ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ ര‍ഞ്ജന്‍ പറയുകയായിരുന്നു. മകള്‍ക്കെതിരായ അനധികൃത ബാർ ഹോട്ടല്‍ നടത്തിപ്പ്  വിവാദം കത്തിച്ച കോണ്‍ഗ്രസിനെതിരെ അധിര്‍ രഞ്ജന്‍ ചൗധരിയുടെ വാക്കുകള്‍ ആദ്യം ആയുധമാക്കിയത് മന്ത്രി സ്‍മൃതി ഇറാനി. എല്ലാ വിധത്തിലും ദ്രൗപദി മുർമു അപമാനിക്കപ്പെട്ടെന്നും അധിര്‍ രഞ്ജന്‍ ചൗധരി പാര്‍ലമെന്‍റിലും പുറത്തും മാപ്പ് പറയണമെന്നും സ്‍മൃതി ഇറാനി ആവശ്യപ്പെട്ടു. പിന്നാലെ വിഷയം പാര്‍ലമെന്‍റിലെത്തി. അധിർ രഞ്ജന്‍ ചൗധരിയെ കൊണ്ട് ഇങ്ങനെ പറയിച്ചത് സോണിയ ഗാന്ധിയാണെന്ന് ലോക‍്‍സഭയില്‍ സോണിയയുടെ സാന്നിധ്യത്തില്‍ സ്‍മൃതി ഇറാനി ആഞ്ഞടിച്ചു. 

Also Read : രാഷ്ട്രപത്നി പരാമർശം: പ്രക്ഷോഭ വേദിയായി പാര്‍ലമെന്‍റ്, ഇരു സഭകളും പിരിഞ്ഞു

സ്‍മൃതിയെ പിന്തുണച്ച് ധനമന്ത്രി നിര്‍മല സീതാരാമനും രംഗത്തെത്തി. അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത് ലൈംഗിക അധിക്ഷേപമാണെന്നും, സോണിയ ഗാന്ധി മാപ്പ് പറയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ പ്രക്ഷുബ്ധമായ സഭ നിര്‍ത്തിവച്ചു. പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി, മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവരും അധിര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയണമെന്നാവശ്യപ്പെട്ടു. എന്നാല്‍ മനഃപൂര്‍വ്വം അങ്ങനെ വിശേഷിപ്പിച്ചതല്ലെന്നും, അറിയാതെ പറഞ്ഞുപോയതാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി  വിശദീകരിച്ചു. അധിര്‍ രഞ്ജന്‍ ഖേദപ്രകടനം നടത്തിക്കഴിഞ്ഞെന്ന് സോണിയാ ഗാന്ധിയും പ്രതികരിച്ചു. ആദിവാസി ജനതയെ കോണ്‍ഗ്രസ് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം മന്ത്രിമാര്‍ ശക്തമാക്കിയതോടെയാണ് വിശദീകരണവുമായി അധിര്‍ രഞ്ജന്‍ ചൗധരിയെത്തിയത്. 

Read Also : 'രാഷ്ട്രപത്നി' പരാമർശത്തിൽ കോൺഗ്രസിനുള്ളിലും പ്രതിഷേധം; പരസ്യമായി വിമർശിച്ച് മനീഷ് തിവാരി

Follow Us:
Download App:
  • android
  • ios