ബീഹാറിലെ കതിഹാർ റെയിൽവേ സ്റ്റേഷനിൽ, ട്രെയിൻ യാത്രക്കാർക്ക് വിൽക്കുന്ന വെള്ളരിക്കകളിൽ കൃത്രിമ നിറം ചേർത്ത സംഘത്തെ റെയിൽവേ സംരക്ഷണ സേന പിടികൂടി. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് ഒൻപത് സ്ത്രീകളെ കസ്റ്റഡിയിലെടുത്തത്.  

കതിഹാർ: ട്രെയിൻ യാത്രക്കാർക്ക് വിൽക്കുന്ന വെള്ളരിക്കകളിൽ മാരകമായ കൃത്രിമ നിറം ചേർക്കുന്ന സംഘത്തെ റെയിൽവേ സംരക്ഷണ സേന പിടികൂടി. ബീഹാറിലെ കതിഹാർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി. പ്ലാറ്റ്‌ഫോമിൽ വെച്ച് വെള്ളരിക്കകൾ പച്ച നിറത്തിലുള്ള ഒരു പ്രത്യേക ദ്രാവകത്തിൽ മുക്കിയെടുക്കുന്ന വീഡിയോയാണ് എക്സിൽ പ്രചരിച്ചത്. ഉണങ്ങിയതും നിറം മങ്ങിയതുമായ വെള്ളരിക്കകൾ ഫ്രഷ് ആണെന്ന് വരുത്തിത്തീർക്കാനാണ് കച്ചവടക്കാർ ഈ മാർഗ്ഗം സ്വീകരിച്ചത്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ പരസ്യമായി നടന്ന ഈ കൃത്രിമം യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

Add Asianetnews as a Preferred SourcegooglePreferred

വീഡിയോ വൈറലായതോടെ റെയിൽവേ സേവ ഇടപെടുകയും കതിഹാർ ആർപിഎഫിന് നിർദ്ദേശം നൽകുകയും ചെയ്തു. ആർപിഎഫ് ഇൻസ്പെക്ടർ വിക്രമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒൻപത് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. വിവാഹ വിരുന്നുകളിൽ മധുരപലഹാരങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് വെള്ളരിക്കയിൽ ചേർത്തതെന്ന് പിടിയിലായവർ സമ്മതിച്ചു. ഈ രാസവസ്തുക്കളുടെ കൃത്യമായ ഘടന പരിശോധിക്കാൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പിടിയിലായവർക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിച്ചതായി ആർപിഎഫ് അറിയിച്ചു.

റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്. കാണാൻ ഭംഗിയുള്ളതും ഫ്രഷ് ആണെന്ന് തോന്നിക്കുന്നതുമായ ഭക്ഷണസാധനങ്ങളിൽ ഇത്തരത്തിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നത് യാത്രക്കാരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. റെയിൽവേ അധികൃതർ ഇത്തരം വിൽപനക്കാർക്കെതിരെ കൃത്യമായ പരിശോധന നടത്തണമെന്ന് സോഷ്യൽ മീഡിയയിലൂടെ പലരും ആവശ്യപ്പെട്ടു.

Scroll to load tweet…