ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാകിസ്താനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും പരമാവധി യാത്ര ഒഴിവാക്കണമെന്നും അമേരിക്ക
ന്യൂയോർക്ക് : പാകിസ്താനിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് സുരക്ഷാ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകി അമേരിക്ക. ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാകിസ്താനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും പരമാവധി യാത്ര ഒഴിവാക്കണമെന്നും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടു. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഈ ആഴ്ച ആദ്യം പുറത്തിറക്കിയ പുതുക്കിയ ട്രാവൽ അഡ്വൈസറിയിൽ പാകിസ്താനെ 'ലെവൽ 3' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കൂടുതലായ രാജ്യമെന്ന നിലയിലാണ് ലെവൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാം. ഹോട്ടലുകൾ, ചന്തകൾ, ഷോപ്പിംഗ് മാളുകൾ, സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങൾ ഭീകരവാദികളുടെ പ്രധാന ലക്ഷ്യങ്ങളായേക്കാം എന്നാണ് മുന്നറിയിപ്പ്.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളുടെ ചില ഭാഗങ്ങളെ 'ലെവൽ 4' (യാത്ര ചെയ്യരുത്) എന്ന ഏറ്റവും ഉയർന്ന അപകട വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും പതിവാണെന്നും യുഎസ് വ്യക്തമാക്കുന്നു. പാകിസ്ഥാനിൽ അനുമതിയില്ലാത്ത പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർക്ക് തടവുശിക്ഷ ലഭിച്ചേക്കാം. കൂടാതെ, പാകിസ്താൻ സർക്കാരിനെയോ സൈന്യത്തെയോ ഉദ്യോഗസ്ഥരെയോ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതും അറസ്റ്റിലേക്ക് നയിച്ചേക്കാം എന്നും പൌരന്മാർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയുടെ യാത്രാ മുന്നറിയിപ്പുകൾ എങ്ങനെ?
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അപകടസാധ്യതയുടെ അടിസ്ഥാനത്തിൽ യാത്രാ നിർദ്ദേശങ്ങളെ നാല് തലങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്.
ലെവൽ 1 -ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള വിഭാഗം.
ലെവൽ 2 സുരക്ഷാ ഭീഷണികൾ നേരിടാൻ കൂടുതൽ ശ്രദ്ധിക്കണം.
ലെവൽ 3 ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ യാത്ര പരമാവധി ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു.
ലെവൽ 4 ജീവന് ഭീഷണിയുള്ള ഏറ്റവും അപകടകരമായ മേഖലകൾ.


