കടുവാ സങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ട കടുവ ഭീതി വിതച്ചത് 21 ദിവസം. ഒടുവിൽ പശ്ചിമ ബംഗാളിൽ നിന്ന് സീനത്തിനെ പിടികൂടി വനംവകുപ്പ്.
കൊൽക്കത്ത: ഒഡിഷയിലെ സിമിലിപാലും പരിസര പ്രദേശങ്ങളിലുമായി ഭീതി വിതച്ച സീനത്തിനെ 21 ദിവസങ്ങൾക്ക് ശേഷം വനംവകുപ്പ് മയക്കുവെടി വച്ച് വീഴ്ത്തി. ഡിസംബർ എട്ട് മുതൽ ഒഡിഷയിലെ സിമിലിപാലും പരിസര ഗ്രാമങ്ങളിലുമായി ഗ്രാമവാസികളെ ഭീതിയിലാക്കിയ പെൺകടുവ രാപ്പകൽ വ്യത്യാസമില്ലാതെ മൂന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. വനംവകുപ്പ് വിവിധ ഇടങ്ങളിലും ക്യാമറക്കെണി ഒരുക്കിയും കൂടും വച്ച് സീനത്ത് എന്ന പെൺകടുവയെ കുടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
എന്നാൽ ഞായറാഴ്ച വെകുന്നേരത്തോടെയാണ് സീനത്തിനെ മയക്കുവെടി വച്ച് പിടികൂടിയത്. പശ്ചിമ ബംഗാൾ അതിർത്തി ഗ്രാമമായ ബാംഗുരയിൽ വച്ചാണ് സീനത്തിനെ പിടികൂടുന്നത്. ശനിയാഴ്ച വൈകുന്നേരം മുതൽ അഞ്ച് തവണയാണ് കടുവയെ വനംവകുപ്പ് മയക്കുവെടി വച്ച് വീഴ്ത്തി പിടികൂടാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഒഡിഷയിലൂടെ 300 കിലോമീറ്ററിലേറെ അലഞ്ഞ് നടന്ന സീനത്തിനെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം കൊൽക്കത്തയിലെ അലിപോര മൃഗശാലയിലേക്കാണ് മാറ്റുന്നത്.
ഇവിടെ വച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും സീനത്തിനെ സ്ഥിരമായി എവിടേക്ക് മാറ്റിപ്പാർപ്പിക്കുകയെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നാണ് ഒഡിഷയിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രേം കുമാർ ഛാ മാധ്യമങ്ങളോട് വിശദമാക്കിയത്. ശനിയാഴ്ച സീനത്തിന് മൂന്ന് തവണ മയക്കുവെടി ഏറ്റിരുന്നെങ്കിലും കടുവ മയങ്ങിയിരുന്നില്ല. മൂന്ന് തവണ മയക്കുവെടി ഏറ്റ ശേഷവും കടുവ പല സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത് തുടരുകയായിരുന്നു. ഇതിനാൽ വീണ്ടും മയക്കുവെടി വച്ചാൽ ആരോഗ്യത്തെ ബാധിക്കുമെന്ന് വിലയിരുത്തലിൽ ശനിയാഴ്ചത്തെ ഓപ്പറേഷൻ ഉപേക്ഷിക്കുകയായിരുന്നു.
ഈ മരുന്നുകളുടെ സ്വാധീനകാലം പൂർത്തിയായ ശേഷമാണ് ഞായറാഴ്ച വീണ്ടും മയക്കുവെടി വച്ചത്. ഒഡിഷ, പശ്ചിമ ബംഗാൾ വനംവകുപ്പിൽ നിന്നായി 250ഓളം ഉദ്യോഗസ്ഥരാണ് സീനത്തിനെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായത്. ഡിസംബർ 20 മുതൽ 200 പൊലീസുകാരും സീനത്തിനെ കണ്ടെത്താനായി രംഗത്തിറങ്ങിയിരുന്നു. മഹാരാഷ്ട്രയിലെ തഡോബയിൽ നിന്നാണ് സിമിലിപാലിലേക്ക് സീനത്ത് എത്തിയത്.
മൂന്ന് വയസ് പ്രായമുള്ള സീനത്ത് 21 ദിവസത്തിനുള്ളിൽ 3 സംസ്ഥാനങ്ങളിലൂടെ 300 കിലോമീറ്ററിലേറെയാണ് സഞ്ചരിച്ചത്. സിമിലിപാല കടുവ സങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ടാണ് സീനത്ത് ജനവാസ മേഖലയിലേക്ക് എത്തിയത്.
