Asianet News MalayalamAsianet News Malayalam

ഏകാന്തനായി മോദി ധ്യാനിച്ചിരുന്ന 'രുദ്ര' ഗുഹയ്ക്ക് വന്‍ ഡിമാന്‍റ്; ബുക്കിംഗ് തുകയും കൂട്ടി

മോദി ധ്യാനത്തിരുന്നപ്പോള്‍ തന്നെ രുദ്ര ഗുഹയുടെ സവിശേഷതകളും പ്രത്യേകതകളും എന്താണെന്ന് നിരവധി പേരാണ്   ഗൂഗിളിലും മറ്റും തെരഞ്ഞെത്തിയത്. മോദി അധികാരതുടര്‍ച്ച നേടിയതോടെ 'രുദ്ര'യുടെ ഡിമാന്‍റ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്

after modis meditation kedarnaths rudra caves dimand hike
Author
Kedarnath, First Published May 31, 2019, 9:16 PM IST

കേദാര്‍നാഥ്: പൊതുതെരഞ്ഞെടുപ്പിന്‍റെ തിരക്കുകളെല്ലാം മാറ്റിവച്ചായിരുന്നു  പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 18ാം തിയതി കേദാര്‍നാഥിലെ രുദ്ര ഗുഹയില്‍ ഏകാന്ത ധ്യാനത്തിനെത്തിയത്. അവസാന ഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ധ്യാനം മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തു എന്നാണ് വിലയിരുത്തലുകള്‍ ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ ബിജെപി ഗംഭീര ജയം നേടിയതോടെ രണ്ടാം മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലുമേറി.

അനന്തരം കേദാര്‍നാഥില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ മോദി ധ്യാനിച്ചിരുന്ന രുദ്ര ഗുഹയിലേക്ക് തിരക്കേറുന്നതായാണ്. മോദി ധ്യാനത്തിരുന്നപ്പോള്‍ തന്നെ രുദ്ര ഗുഹയുടെ സവിശേഷതകളും പ്രത്യേകതകളും എന്താണെന്ന് നിരവധി പേരാണ്   ഗൂഗിളിലും മറ്റും തെരഞ്ഞെത്തിയത്. മോദി അധികാരതുടര്‍ച്ച നേടിയതോടെ 'രുദ്ര'യുടെ ഡിമാന്‍റ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഡിമാന്‍റ് കൂടിയതോടെ ബുക്കിംഗ് കാശടക്കം വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഒരു ദിവസത്തേക്ക് 990 രൂപയായിരുന്ന ബുക്കിംഗ് ഇപ്പോള്‍ 1500 രൂപയാക്കിയാണ് ഉയര്‍ത്തിയത്.

കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലേക്ക് നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. വെട്ടുകല്ലുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്.

ഒരു സാധാരണ ഗുഹയായിട്ടല്ല ഇത് നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഹിമാലയത്തില്‍ ഏകാന്ത ധ്യാനത്തിനെത്തുന്നവര്‍ക്ക് മോദിയുടെ ആഗ്രഹപ്രകാരം പ്രത്യേക സൗകര്യമേര്‍പ്പെടുത്തുന്നതിനായി നിര്‍മ്മിച്ചതാണിത്. മോദി ചെറുപ്പത്തില്‍ കഠിനമായ ഏകാന്ത ധ്യാനം നടത്തിയിട്ടുണ്ടെങ്കിലും രുദ്ര ഗുഹ അങ്ങനെയല്ല. രാവിലത്തെ ചായ മുതലുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം മുറയ്ക്ക് ഗുഹയിലെത്തും.

ധ്യാനിയുടെ താത്പര്യമനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താവുന്നതുമാണ്. 24 മണിക്കൂറും ഒരു പരിചാരകന്‍റെ സേവനം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. മാനസികവും ശാരീരികവുമായ പരിശോധനകള്‍ക്ക് ശേഷമാകും ധ്യാനം ചെയ്യാനുള്ള അനുമതി ലഭിക്കുക. ഒരു സമയം ഒരാള്‍ക്ക് മാത്രമേ ധ്യാനത്തിന് അവസരമുണ്ടാകു. ഗുഹയ്ക്കകത്ത് ടെലഫോണ്‍, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടാകും. 5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണ് ഗുഹയ്ക്കുള്ളത്.

Follow Us:
Download App:
  • android
  • ios