അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും യുപിയിലും പ്രതിഷേധം ആളിപ്പടരുകയാണ്. ബിഹാറില്‍ അഞ്ച്  ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. 

പാറ്റ്‍ന: അഗ്നിപഥ് റിക്രൂട്ട്മെന്‍റ് പദ്ധതിയില്‍ പ്രതിഷേധിച്ച് ബിഹാറില്‍ നാളെ ബന്ദ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ് ആഹ്വാനം ചെയ്തത്. അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും യുപിയിലും പ്രതിഷേധം ആളിപ്പടരുകയാണ്. ബിഹാറില്‍ അഞ്ച് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍റെയും വീടിന് നേരെയും ആക്രമണം ഉണ്ടായി.

അലിഗഡിലെ ജട്ടാരിയയില്‍ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. റെയില്‍വേ സ്റ്റേഷനുകളും പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. ടയറുകള്‍ കത്തിച്ച് പാളത്തില്‍ ഇട്ടതോടെ പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അക്രമങ്ങള്‍ രാജ്യത്തെ ഇരുനൂറോളം ട്രെയിൻ സർവീസുകളെയാണ് ബാധിച്ചത്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വെ വസ്തുവകകള്‍ ആക്രമിക്കരുതെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് അഭ്യർത്ഥിച്ചു. 

ബിഹാറിലെ മഥേപുരിയല്‍ ബിജെപി ഓഫീസില്‍ അഗ്നിപഥ് പ്രതിഷേധക്കാർ തീയിട്ടു. ബിഹാറിനും യുപിക്കും പുറമെ മധ്യപ്രദേശിലും ഹരിയാനയിലും പശ്ചിമബംഗാളിലെ വിവിധയിടങ്ങളിലും ഇന്ന് പ്രതിഷേധം നടന്നു . സംഘര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ബിഹാര്‍ ഹരിയാന യുപി സംസ്ഥാനങ്ങളില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയുട്ടുണ്ട്. ഹരിയാനയില്‍ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ്, മെസേജ് സേവനങ്ങള്‍ റദ്ദാക്കി.