അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. 11A സീറ്റിൽ യാത്ര ചെയ്തിരുന്നത് രമേഷ് വിശ്വാസ് കുമാറാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

അഹമ്മദാബാദ്: രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയതെന്നും പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും അഹമ്മദാബാദ് പൊലീസ് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍എയോട് പ്രതികരിച്ചു. രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് 11A സീറ്റിൽ യാത്ര ചെയ്തിരുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നാണ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. 204 പേരുടെ മൃതദേഹങ്ങളാണ് അപകട മേഖലയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ഉച്ചക്ക് 1.38 നാണ് അപകടമുണ്ടായത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്നാണ് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

Scroll to load tweet…

വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അപകട സമയത്ത് ഹോസ്റ്റലില്‍ 400ലധികം പേരുണ്ടായിരുന്നു. ഇവരില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഉച്ചയൂണിന്‍റെ സമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും ഭക്ഷണ ശാലയിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയര്‍ ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസം നേരിട്ടു. അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

YouTube video player