242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണസംഘത്തിൻ്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. അതിനിടെ, വിമാന അപകടമുണ്ടായ സ്ഥലത്തുനിന്ന് ഇന്നലെയും രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം, എയർഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക തകരാർ തുടരുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സാൻഫ്രാൻസിസ്കോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനവും തകരാറിനെ തുടർന്ന് പുലർച്ചെ കൊൽക്കത്തയിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം മൂന്ന് വിമാനങ്ങൾ തകരാറിനെ തുടർന്ന് യാത്രാമധ്യേ തിരിച്ചിറക്കിയിരുന്നു. അതിനിടെ ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് അമർനാഥ് തീർത്ഥയാത്രാ പാത നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിച്ചു.
സാൻഫ്രാൻസിസ്കോയിൽനിന്നും കൊൽക്കത്ത വഴി ചെന്നൈക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ ഇറങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാരെ വിമാനത്തിൽനിന്നും ഇറക്കി. ബുദ്ധിമുട്ടിലായ യാത്രക്കാർ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ ഹോങ്കോങ് - ദില്ലി, ദില്ലി - റാഞ്ചി, ചെന്നൈ - ലണ്ടൻ വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടർന്ന് യാത്രാമധ്യേ അടിയന്തരമായി ഇറക്കിയത്.


