അതിനിടെ ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് അമർനാഥ് തീർത്ഥയാത്രാ പാത നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിച്ചു
ദില്ലി: എയർ ഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക തകരാർ ഇന്നും തുടർന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സാൻഫ്രാൻസിസ്കോയിൽനിന്നും മുംബൈക്ക് പുറപ്പെട്ട വിമാനവും തകരാറിനെ തുടർന്ന് പുലർച്ചെ കൊൽക്കത്തയിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇന്നലെ മൂന്ന് വിമാനങ്ങൾ തകരാറിനെ തുടർന്ന് യാത്രാമധ്യേ തിരിച്ചിറക്കിയിരുന്നു. അതിനിടെ ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് അമർനാഥ് തീർത്ഥയാത്രാ പാത നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിച്ചു.
സാൻഫ്രാൻസിസ്കോയിൽനിന്നും കൊൽക്കത്ത വഴി ചെന്നൈക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പുലര്‍ച്ചെ 12.45 ന് കൊൽക്കത്തയിൽ ഇറങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാരെ വിമാനത്തിൽനിന്നും ഇറക്കി. വിമാനത്തിൽ പരിശോധന നടപടികൾ ഇപ്പോഴും തുടരുകയാണ്. ബുദ്ധിമുട്ടിലായ യാത്രക്കാർ പ്രതിഷേധം അറിയിച്ചു.
ഇന്നലെ എയർ ഇന്ത്യയുടെ ഹോങ്കോങ് - ദില്ലി, ദില്ലി - റാഞ്ചി, ചെന്നൈ - ലണ്ടൻ വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടർന്ന് യാത്രാമധ്യേ അടിയന്തരമായി ഇറക്കിയത്. അതിനിടെ അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ ഇന്ത്യയിലെത്തിയ ബോയിംഗ് കമ്പനിയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് സ്റ്റെഫാനി പോപ്പും, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി.
ഹരിയാന ഗുരുഗ്രാമിലെ എയർ ഇന്ത്യ ആസ്ഥാനത്തായിരുന്നു കൂടികാഴ്ച. ജൂലൈ 3ന് തുടങ്ങുന്ന അമർനാഥ് തീർത്ഥയാത്ര പാതയിൽ ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നോ ഫ്ലൈസോൺ പ്രഖ്യാപിച്ചത്. പരമ്പരാഗത പാതയിലും, ബാൽതാൽ പാതയിലും ഡ്രോണുകളും, യുഎവികളും മുതൽ ബലൂണുകൾക്ക് വരെ വിലക്ക് ബാധകമാണ്. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 10 വരെയാണ് നിയന്ത്രണം ബാധകമാവുക. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.



