തമിഴ്നാട്ടിൽ ബിജെപിയുമായി തർക്കം: മുതിർന്ന എഐഎഡിഎംകെ നേതാക്കളുടെ സംഘം ചർച്ചയ്ക്കായി രാജ്യതലസ്ഥാനത്ത്
അമിത് ഷായെയും ജെപി നദ്ദയെയും എഐഎഡിഎംകെ നേതാക്കൾ കണ്ടെക്കും. സീറ്റ് വിഭാജനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും 5 സീറ്റിൽ കൂടുതൽ ബിജെപിക്ക് നൽകില്ലെന്നും എഐഎഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിലെ എഐഎഡിഎംകെ - ബിജെപി തർക്കത്തിൽ പ്രശ്നപരിഹാരത്തിനായി മുതിർന്ന എഐഎഡിഎംകെ നേതാക്കളുടെ സംഘം ദില്ലിയിൽ എത്തി. അമിത് ഷായെയും ജെ പി നദ്ദയെയും എഐഎഡിഎംകെ നേതാക്കൾ കണ്ടേക്കും. സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അഞ്ച് സീറ്റിൽ കൂടുതൽ ബിജെപിക്ക് നൽകില്ലെന്നുമാണ് എഐഎഡിഎംകെ നിലപാട്. അണ്ണാദുരൈയെ അധിക്ഷേപിച്ചത് അംഗീകരിക്കില്ലെന്നും എഐഡിഎംകെ നേതാക്കൾ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതേസമയം തമിഴ്നാട്ടിൽ കുറഞ്ഞത് 15 സീറ്റെങ്കിലും വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ സംസ്ഥാനത്ത് വാക്പോര് നടന്നുവരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ പ്രധാന നേതാവ് സി ഷൺമുഖത്തിനെതിരെ അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ചിരുന്നു. തുടർച്ചയായി അണ്ണാമലൈ തങ്ങളുടെ നേതാക്കളെ അപമാനിക്കുന്നുവെന്നും ഇനിയും ഇത്തരത്തിൽ അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ നേതാക്കൾ പറഞ്ഞിരുന്നു.
തർക്കം മൂർശ്ചിച്ചപ്പോൾ ബിജെപിയുമായി ഇനി സഖ്യത്തിനില്ലെന്ന് വരെ എഐഡിഎംകെയുടെ പാർട്ടി വക്താവ് ഡി ജയകുമാർ ചെന്നൈയിൽ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്നാണ് ഇങ്ങനെയൊരു പ്രതികരണം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കിൽ ബിജെപിക്ക് തമിഴ്നാട്ടിൽ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. അതേസമയം പ്രശ്നം പരിഹരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ തന്നെ മുന്നിട്ട് ഇറങ്ങിയിരുന്നു. എഐഎഡിഎംകെയ്ക്കും ബിജെപിക്കും ഇടയിൽ പ്രശ്നങ്ങളില്ലെന്നും എഐഎഡിഎംകെ നേതാക്കൾക്ക് തന്നോട് പ്രശ്നമുണ്ടോ എന്നറിയില്ലെന്നും അണ്ണാമലൈ പറഞ്ഞു. തനിക്ക് ആരോടും പ്രശ്നമില്ലെന്നും അണ്ണാദുരൈയെ ഒരിടത്തും അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.