ഉത്തർ പ്രദേശിൽ കൂറ്റൻ വാട്ടർടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന. ശനിയാഴ്ച രാത്രി ടാങ്കിന് മുകളിൽ അകപ്പെട്ട കുട്ടികൾക്കാണ് വ്യോമസേന രക്ഷകരായത്. എംഐ-17 വി5 ​ഹെലികോപ്ടർ ഉപയോഗിച്ചു നടത്തിയ ദൗത്യത്തിലാണ് കുട്ടികളെ സുരക്ഷിതമായി താഴെയിറക്കിയത്. 

ലഖ്നൗ: കൂറ്റൻ വാട്ടർടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികൾക്ക് രക്ഷകരായി ഇന്ത്യൻ വ്യോമസേന. ഒരു രാത്രി മുഴുവൻ ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ട് കുട്ടികളെ ആണ് ഞായറാഴ്ച പുലർച്ചെ വ്യോമസേന ഹെലികോപ്ടർ ഉപയോഗിച്ചു നടത്തിയ ദൗത്യത്തിൽ രക്ഷപ്പെടുത്തിയത്. ഉത്തർ പ്രദശിലെ സിദ്ധാർഥ് ന​ഗർ ജില്ലയിലുള്ള ​ഗോരഖ്പുരിലാണ് സംഭവം.

ശനിയാഴ്ച രാത്രിയിലാണ് കുട്ടികൾ വാട്ട‍ർടാങ്കിന് മുകളിൽ കുടുങ്ങിയത്. ടാങ്കിൻ്റെ ​ഗോവണിക്ക് ഉണ്ടായ തകരാറാണ് കുട്ടികൾ മുകളിൽ കുടുങ്ങിപ്പോകാൻ ഇടയാക്കിയത്. വ്യോമസേനയുടെ സെൻട്രൽ എയർ കമാൻഡിൻ്റെ എംഐ-17 വി5 ​ഹെലികോപ്ടർ ഉപയോ​ഗിച്ച് നടത്തിയ ദൗത്യത്തിലാണ് രണ്ടു കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ഇന്ത്യൻ വ്യോമ​സേനയുടെയും സംസ്ഥാന ഭരണകൂടത്തിൻ്റെയും ഏകോപനത്തോടെ ആണ് രക്ഷാപ്രവ‍ർത്തനം നടന്നതെന്ന് സിദ്ധാർഥ് ന​ഗർ ജില്ലാ മജിസ്ട്രേറ്റ് ശിവശരണപ്പ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

വ്യോമസേനയുമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നുവെന്ന് ശിവശരണപ്പ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് നന്ദിയറിയിക്കുന്നു. അവരുടെ ഏകോപനമാണ് രക്ഷാപ്രവർത്തനം യാഥാ‍ർഥ്യമാക്കിയത്. പുലർച്ചെ അഞ്ചരയോടെ വ്യോമസേന രണ്ട് കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും ഹെലികോപ്ടർ ​ഗോരഖ്പുരിൽ ലാൻഡ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് കുട്ടികളും സുരക്ഷിതരാണെന്ന് അധികൃത‍ർ അറിയിച്ചു.

Scroll to load tweet…

സംസ്ഥാന സർക്കാരിൻ്റെ അഭ്യർഥനപ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്നും ​ഗോവണിയുടെ തകരാർ കാരണമാണ് കുട്ടികൾ ടാങ്കിൻ്റെ മുകളിൽ കുടുങ്ങിപ്പോയതെന്നും വ്യോമസേനയുടെ സെൻട്രൽ എയർ കമാൻഡ് അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രൊഫഷണലിസവും ജീവനുകൾ രക്ഷപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയുമാണ് ഇത് എടുത്തുകാട്ടുന്നതെന്നും സെൻട്രൽ എയ‍ർ കമാൻഡ് എക്സിലെ ഔദ്യോ​ഗിക അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ പറ‍ഞ്ഞു. അതേസമയം കുട്ടികൾ എന്തിനാണ് വാട്ടർടാങ്കിന് മുകളിൽ കയറിയതെന്ന കാര്യത്തിൽ ഔദ്യോ​ഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.