ഉത്തർപ്രദേശിലെ അംബേദ്‌കർ നഗറിൽ പ്രായപൂർത്തിയാകാത്ത നാല് സഹോദരങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടികളുടെ അമ്മയായ ഗാസിയ ഖാത്തൂണിനെ കാണാതായിട്ടുണ്ട്, കൊലപാതകത്തിന് പിന്നിൽ ഇവരാണെന്ന് പോലീസ് സംശയിക്കുന്നു. ഭർത്താവിൻ്റെ പുനർവിവാഹവും മറ്റൊരു ബന്ധവും കൊലപാതകത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്.
അംബേദ്‌കർ നഗർ: ഉത്തർപ്രദേശിലെ അംബേദ്‌കർ നഗർ ജില്ലയിലെ മീരൻപൂരിൽ പ്രായപൂർത്തിയാകാത്ത നാല് സഹോദരങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷഫീഖ് (14), സൗദ് (12), ഉമർ (8), ബാനോ (6) എന്നീ നാല് കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇഷ്ടികയും മാരകായുധങ്ങളും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മയായ ഗാസിയ ഖാത്തൂണിനെ (35) കാണാതായിട്ടുണ്ട്. ഇവരാണ് ഈ കൊലയാളിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. കൊലപാതകങ്ങൾക്ക് ശേഷം വീടിന്റെ ബാൽക്കണിയിൽ നിന്ന് ചാടി ഗാസിയ ഖാത്തൂൺ രക്ഷപ്പെട്ടുവെന്ന് പൊലീസ് സംശയിക്കുന്നു. അയൽവാസികൾ വിവരമറിയിച്ച് സ്ഥലത്തെത്തിയ പൊലീസ് വീടിൻ്റെ വാതിൽപൊളിച്ച് അകത്ത് കടന്നപ്പോഴാണ് നാല് സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികളുടെ പിതാവ് നിയാസ് കഴിഞ്ഞ ഒന്നര വർഷമായി സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഇയാൾ വിദേശത്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി വിവരമുണ്ട്. ഇത് ഗാസിയയെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കൾ പറയുന്നു.
ഗാസിയയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. കുട്ടികൾ ഈ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണോ കൂട്ടക്കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. അബേദ്‌കർ നഗർ എസ്.പി പ്രാചി സിങ്ങിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അമ്മയ്ക്കായി തിരച്ചിൽ നടക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.


