റഡാർ തകരാർ സംശയിച്ചത് കാരണം ആണ് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിട്ടതെന്നും എയര്‍‍ ഇന്ത്യ അറിയിച്ചു

ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ കൂടുതൽ വിശദീകരണവുമായി എയര്‍ ഇന്ത്യ. റണ്‍വേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും റൺവെയുടെ വശത്ത് എന്തോ പാഴ് വസ്തു ഉണ്ടെന്ന് തൊട്ടുമുൻപുണ്ടായിരുന്ന വിമാനത്തിലെ പൈലറ്റ് എടിസിയെ അറിയിച്ചിരുന്നുവെന്നും അതിനാൽ ദില്ലിയിലേക്കുള്ള വിമാനത്തിന് ഗോ എറൗണ്ട് നിര്‍ദേശം നൽകുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു. 

പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. വെതർ റഡാർ തകരാർ സംശയിച്ചത് കാരണം ആണ് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിട്ടത്. ചെന്നൈയിലെ പരിശോധനയിൽ തകരാർ ഇല്ലെന്ന് തിരിച്ചറിഞ്ഞുവെന്നും മുൻകരുതലിന്‍റെ ഭാഗമായി ട്രാന്‍സ് റിസീവര്‍ മാറ്റുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു.

അതേസമയം, റണ്‍വേയിൽ മറ്റൊരു വിമാനമുണ്ടായിരുന്നുവെന്ന് പൈലറ്റ് പറഞ്ഞെന്ന വിമാനത്തിലുണ്ടായിരുന്ന എംപിമാരുടെ വാദം ശരിവെച്ച് യാത്രക്കാരനും രംഗത്തെത്തി. പൈലറ്റ് അറിയിപ്പ് നൽകിയിരുന്നതായി മലയാളിയായ ജെയിംസ് വിൽസൻ എക്സിൽ കുറിച്ചു. മറ്റൊരു വിമാനവുമായി കൂട്ടിയിടി ഒഴിവാക്കാൻ ആണ് ലാൻഡിംഗ് ഉപേക്ഷിച്ചതെന്നാണ് പൈലറ്റ് അറിയിച്ചതെന്നും ജെയിംസ് വിത്സൻ എക്സിൽ കുറിച്ചു. വിമാനത്തിൽ കെസി വേണുഗോപാലിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചാണ് ജെയിംസിന്‍റെ പ്രതികരണം.

റൺവേയിൽ മറ്റൊരു വിമാനം കാരണം ലാൻഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചെന്നാണ് എംപിമാർ പറഞ്ഞത്.നേരത്തെ റഡാറുമായുള്ള ബന്ധത്തിൽ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ചെന്നൈ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എയർ ഇന്ത്യ 2455 വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.

 എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലടക്കം കേരളത്തിൽ നിന്നുള്ള 4 എം പിമാരും തമിഴ്നാട്ടിൽ നിന്നുള്ള ഒരു എംപിയും സഞ്ചരിച്ച വിമാനമാണ് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. കെ സി വേണുഗോപാലിന് പുറമേ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന എം പിമാർ. 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്

YouTube video player