ഉത്തർപ്രദേശിലെ അലിഗഡിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിനെ എതിർത്തെന്ന് ആരോപിച്ച് സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അലിഗഡ്: സർക്കാർ സ്കൂളിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിനെ എതിർത്തെന്ന് ആരോപിച്ച് അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ അലിഡഗ് ജില്ലയിലെ സ്കൂളിലാണ് സംഭവം. ഷാഹ്പൂർ അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപകനായ ഷംഷുൽ ഹസനെയാണ് സസ്പെൻഡ് ചെയ്തത്.
സ്കൂളിലെ രാവിലത്തെ അസംബ്ലിയിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിനെ അധ്യാപകൻ എതിർത്തെന്നാണ് പരാതി. ദേശീയഗാനം ചൊല്ലാൻ വിസമ്മതിക്കുകയും ചൊല്ലുന്നതിനെ എതിർക്കുകയും ചെയ്തെന്നാണ് ആരോപണം. അധ്യാപകന്‍റെ പെരുമാറ്റം ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവാണെന്ന് വിലയിരുത്തിയാണ് നടപടിയെടുത്തത്.
അന്വേഷണവും നടപടിയും
അലിഗഡിലെ ബേസിക് എജ്യുക്കേഷൻ ഓഫീസർ (ബിഎസ്എ) രാകേഷ് കുമാർ സിംഗ് അധ്യാപകനെ ഉടൻ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. അധ്യാപകന്‍റെ പെരുമാറ്റം സർക്കാർ ജീവനക്കാരന് ചേരാത്തതാണെന്ന് ബിഎസ്എ വിലയിരുത്തി. ഇത്തരം പ്രവൃത്തികൾ തൊഴിൽപരമായ ധാർമ്മികതയുടെ ലംഘനം മാത്രമല്ല, വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണന്ന് ബിഎസ്എ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദമായ അന്വേഷണം നടത്താൻ ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർക്ക് നിർദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സ്കൂൾ അസംബ്ലിയിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിൽ അധ്യാപകർ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഇത് വിദ്യാർത്ഥികളിൽ ബഹുമാനം, ഐക്യം, രാജ്യസ്നേഹം എന്നിവ വളർത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


