പശ്ചിമ ബംഗാൾ ചരിത്രത്തിൽ ആദ്യമായി ബിജെപി സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രി സുവേന്ദു അധികാരിയും അഞ്ച് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ദിലിപ് ഘോഷ്, അഗ്നിമിത്ര പോൾ, നിഷിത് പ്രമാണിക്, ക്ഷുതിറാം തുഡു, അശോക് കിർത്താനിയ എന്നിവരാണ് മന്ത്രിമാർ.
കൊൽക്കത്ത: പശ്ചിമ ബംഗാൾ ചരിത്രത്തിലെ ആദ്യ ബിജെപി സർക്കാരിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് മന്ത്രിമാരും. ദിലിപ് ഘോഷ്, അഗ്നിമിത്ര പോൾ, നിഷിത് പ്രമാണിക്, ക്ഷുതിറാം തുഡു, അശോക് കിർത്താനിയ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെപി നദ്ദ, ധർമേന്ദ്ര പ്രഥാൻ, വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്ത പ്രൗഢഗംഭീര ചടങ്ങിനാണ് കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് മൈതാനം വേദിയായത്.

ദിലിപ് ഘോഷ്
മുതിർന്ന ബിജെപി നേതാവായ ദിലീപ് ഘോഷ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയാണ്. 61 വയസ്സുകാരനായ ദിലിപ് ഘോഷ് ആർഎസ്എസിന്റെ മുഴുവൻസമയ പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്. 2014ന് ശേഷം ബംഗാളിൽ പാർട്ടിയെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. മേഥിനിപുർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അഗ്നിമിത്ര പോൾ
51കാരിയായ അഗ്നിനിമിത്ര പോൾ സുവേന്ദു അധികാരി മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതയാണ്. അസൻസോൾ ദക്ഷിണ മണ്ഡലത്തിൽനിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഗ്നിമിത്ര, നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷയാണ്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ 40,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അഗ്നിമിത്ര പോൾ മണ്ഡലം നിലനിർത്തിയത്. രാഷ്ട്രീയത്തിലേക്ക് എത്തുംമുൻപ് കൊൽക്കത്തയിലെ പ്രമുഖ ഫാഷൻ ഡിസൈനറായിരുന്നു അഗ്നിമിത്ര. അസൻസോളിലെ മധ്യവർഗ കുടുംബത്തിൽ ജനിച്ച അഗ്നിമിത്ര, ബോട്ടണിയിലും ഫാഷൻ ടെക്നോളജി ആൻ്റ് മാനേജ്മെൻ്റിലും ബിരുദമെടുത്തിട്ടുണ്ട്.
അശോക് കിർത്താനിയ
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബംഗാവോൺ ഉത്തർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അശോക് കിർത്താനിയ. സംസ്ഥാനത്തെ നിർണായക വോട്ട് ബാങ്കായ മതുവ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ നിന്നാണ് 52കാരനായ അശോക് കിർത്താനിയ തെരഞ്ഞെടുക്കപ്പെട്ടത്.
ക്ഷുതിറാം തുഡു
ബങ്കുര ജില്ലയിൽ നിന്നാണ് ഗോത്ര വിഭാഗം നേതാവാണ് ക്ഷുതിറാം തുഡു. ഗോത്ര വിഭാഗത്തിന് സ്വാധീനമുള്ള റാണിബന്ദ് മണ്ഡലത്തിൽ നിന്നാണ് 55കാരനായ ക്ഷുതിറാം തുഡു തെരഞ്ഞെടുക്കപ്പെട്ടത്.
നിസിത് പ്രമാണിക്
വടക്കൻ ബംഗാളിലെ ബിജെപിയുടെ പ്രധാന യുവമുഖങ്ങളിൽ ഒരാളാണ് 40കാരനായ നിസിത് പ്രമാണിക്. തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന നിസിത് 2019ലാണ് ബിജെപിയിൽ ചേർന്നത്. 2021ൽ മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള നിസിത്, അക്കാലത്തെ ഏറ്റവും ചെറുപ്പക്കാരനായ മന്ത്രിയായിരുന്നു. രാജ്ബൻഷി സമുദായാംഗമാണ്.


