അലഹബാദ്: അലിഗഢ് മുസ്‍ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും ഇരുചക്രവാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശ് പൊലീസ് ഡയറക്ടര്‍ ജനറലിനാണ് കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുര്‍, ജസ്റ്റിസ് സമിത് ഗോപാല്‍ എന്നിവരുടെ ബെഞ്ചാണ് യോഗി സര്‍ക്കാരിന്‍റെ പൊലീസിനെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. 

നിരോധനാജ്ഞ ലംഘിച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധം, അലിഗഢില്‍ 1200 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

മുഹമ്മദ് അമന്‍ ഖാന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ അഞ്ച് ആഴ്ച നീണ്ട തെളിവെടുപ്പിന് ശേഷമാണ് തീരുമാനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2019 ഡിസംബര്‍ 13 മുതല്‍ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ഥികളെ ഡിസംബര്‍ 15നാണ് യുപി പൊലീസ് പാരാമിലിട്ടറിയുടെ സഹായത്തോടെ തല്ലിച്ചതച്ചത്. വലിയ രീതിയില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ച പൊലീസ് റബര്‍ ബുള്ളറ്റുകളും പെല്ലറ്റുകളും അലിഗഢ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പ്രയോഗിച്ചുവെന്നായിരുന്നു പരാതി. ദേശീയ മനുഷ്യാവകാശ ആറംഗ കമ്മീഷനാണ് പരാതിയില്‍ അന്വേഷണം നടത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍ വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച ഉത്തര്‍ പ്രദേശ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയും പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശം നല്‍കുകയായിരുന്നു. 

ജാമിയക്ക് പിന്നാലെ അലിഗഢും സംഘർഷഭരിതം, വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടപടി

മനുഷ്യാവകാശം മുന്‍ നിര്‍ത്തി യാണ് നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അനാവശ്യമായി നശിപ്പിച്ച ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് കര്‍ശനനടപടിയെടുക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായി എന്ത് നടപടി സ്വീകരിച്ചുവെന്നത് 2020 മാര്‍ച്ച് 25ന് മുന്‍പ് കോടതിയെ അറിയിക്കണമെന്നും അലഹബാദ് കോടതി വ്യക്തമാക്കി.