ആഗോളതലത്തിലെ കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യയിലെ 900 മുതൽ 1100 വരെ ജീവനക്കാരെ പിരിച്ചുവിടും. ചെലവ് ചുരുക്കൽ നയങ്ങളുടെ ഭാഗമായാണ് ഈ നീക്കം. 

ദില്ലി: ആമസോണ്‍ ആഗോള തലത്തിൽ നടത്തുന്ന കൂട്ടപ്പിരിച്ചുവിടലിന്‍റെ ഭാഗമായി ആമസോണ്‍ ഇന്ത്യയിലെ 900 മുതൽ 1100 വരെ ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ ആമസോണ്‍ വെട്ടിച്ചുരുക്കുക 30,000 തസ്തികകളാണ്. 2022ൽ ഏകദേശം 27,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ വെട്ടിച്ചുരുക്കലാണിത്.

"ആമസോണിനെ സംബന്ധിച്ച് ആഗോള തലത്തിൽ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ പ്രവർത്തനങ്ങളെ പിരിച്ചുവിടൽ ബാധിച്ചേക്കും. കൃത്യമായ കണക്ക് ഇപ്പോൾ വ്യക്തമായിട്ടില്ല"- എന്നാണ് ആമസോണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.

സിഇഒ ആൻഡി ജാസിയുടെ ചെലവ് ചുരുക്കൽ നയങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ആഗോള തലത്തിൽ ഹ്യൂമൻ റിസോഴ്‌സ്, ഓപ്പറേഷൻസ്, സർവീസസ്, ആമസോണ്‍ വെബ് സർവീസസ് ഉൾപ്പെടെയുള്ള നിരവധി വിഭാഗങ്ങളെ ഈ പിരിച്ചുവിടൽ ബാധിക്കും. പിരിച്ചുവിടൽ സംബന്ധിച്ച തീരുമാനം ജീവനക്കാരെ അറിയിക്കാൻ അതത് ടീമുകളിലെ മാനേജർമാർക്ക് ഈ ആഴ്ചയുടെ ആദ്യം നിർദേശം നൽകിയിരുന്നു.

പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്നോളജിയുടെ സീനിയർ വൈസ് പ്രസിഡന്‍റെ ബെത്ത് ഗാലെറ്റി ജീവനക്കാർക്കുള്ള കുറിപ്പിൽ ഇങ്ങനെ പറഞ്ഞു: "കമ്പനി അനാവശ്യ നടപടിക്രമങ്ങൾ കുറയ്ക്കുകയാണ്. ഉപഭോക്താക്കളെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യങ്ങളിലും വലിയ നിക്ഷേപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിഭവങ്ങൾ മാറ്റുകയാണ്". ജോലി നഷ്ടമാകുന്ന ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുമെന്നും വ്യക്തമാക്കി.

ഒരുഭാഗത്ത് പിരിച്ചുവിടൽ, മറുഭാഗത്ത് വൻ നിക്ഷേപം

2023ല്‍ ആമസോണ്‍ ഇന്ത്യ 500ഓളം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ആഗോളതലത്തില്‍ 9000 ജീവനക്കാരെ കുറച്ചതിന്റെ ഭാഗമായിട്ടായിരുന്നു അന്നത്തെ പിരിച്ചുവിടല്‍. പിരിച്ചുവിടലുകൾക്കിടയിലും ആമസോണിനെ സംബന്ധിച്ച് ഇന്ത്യ തന്ത്രപ്രധാന വിപണിയാണ്. ഡെലിവറി കൂടുതൽ വേഗത്തിലാക്കാൻ ഈ വർഷം ആദ്യം 2000 കോടിയുടെ നിക്ഷേപം നടത്തി. വിപണി പിടിച്ചെടുക്കാൻ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ആമസോൺ നൗവിനെ വികസിപ്പിക്കാനും തീരുമാനിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാമ്പത്തിക വർഷത്തിൽ ചെലവുകൾ കുറച്ച് ആമസോൺ ഇന്ത്യയുടെ ബിസിനസ് യൂണിറ്റുകൾ നഷ്ടം കുറച്ചിരിക്കുകയാണ്. ആമസോൺ സെല്ലർ സർവീസസിന്റെ പ്രവർത്തന വരുമാനം 19 ശതമാനം വർധിച്ച് 30,139 കോടി ആയി. ആമസോൺ ട്രാൻസ്‌പോർട്ട് സർവീസസ് 8 ശതമാനം വളർച്ചയോടെ 5284 കോടിയിലെത്തി.

എഐ സാങ്കേതികവിദ്യ വികസിക്കുന്നതിന് അനുസരിച്ച് ആഗോള തലത്തിൽ കൂട്ടപ്പിരിച്ചുവിടൽ വർദ്ധിക്കുകയാണ്. 200-ൽ അധികം സ്ഥാപനങ്ങൾ ഏകദേശം 98,000 ജീവനക്കാരെ പിരിച്ചുവിട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ കൂടുതലായി ആശ്രയിച്ച് ചെലവ് ചുരുക്കാനാണ് നീക്കം നടക്കുന്നത്.