മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട് എന്ന് കോൺഗ്രസ് നോട്ടീസില്‍ വ്യക്തമാക്കി. സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നും ജയറാം രമേശ്, ദിഗ്വിജയ് സിംഗ് എന്നിവര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോൺഗ്രസ്. വയനാട് ഉരുൾപൊട്ടലിൽ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്. മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട് എന്ന് കോൺഗ്രസ് നോട്ടീസില്‍ വ്യക്തമാക്കി. സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നും ജയറാം രമേശ്, ദിഗ്വിജയ് സിംഗ് എന്നിവര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാണ്. ഒരു മന്ത്രിയോ അംഗമോ തെറ്റിദ്ധരിപ്പിക്കുന്നത് സഭയോടുള്ള അവഹേളനമാണെന്നും നോട്ടീസില്‍ പറയുന്നു. 

ജൂലൈ 23ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് 31ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെ മറുപടി നൽകി. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ പറയുന്ന മുന്നറിയിപ്പ് കാലാവസ്ഥാ മുന്നറിയിപ്പാണ്. ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് എന്നൊരു ചോദ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെൻ്റിൽ ചോദിച്ചിട്ടുള്ളത്. വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ദുരന്തം ഉണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് ആ ഘട്ടത്തില്‍ നിലനിന്നിരുന്നത്. 115 നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എന്നാല്‍ എത്ര മഴയാണ് പെയ്തത് ? ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയാണ് ഈ പ്രദേശത് ആകെ പെയ്തത്. 48 മണിക്കൂറിനുള്ളില്‍ 572 മില്ലിമീറ്റര്‍ മഴയാണ് ആകെ പെയ്തത്. മുന്നറിയിപ്പ് നല്കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരുതവണ പോലും ആ പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അപകടം ഉണ്ടായതിനുശേഷം രാവിലെ ആറുമണിയോടുകൂടിയാണ് റെഡ് അലര്‍ട്ട് ഈ പ്രദേശത്ത് മുന്നറിയിപ്പായി നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിമർശിച്ച് കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിറക്കി. കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നുവെന്നും റെഡ് അലർട്ട് നൽകിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും ആയിരുന്നു വിശദീകരണം. 

കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ് സ്കൂട്ടർ, പിന്നാലെ കുതിച്ച് എക്സൈസും; പരിശോധിച്ചപ്പോൾ കണ്ടത് നോട്ടുകെട്ടുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്