ദില്ലിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ആകാശത്ത് വെച്ച് വാതിലിന് തകരാർ സംഭവിച്ചു. ജീവനക്കാർ നാപ്കിനുകൾ ഉപയോഗിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിച്ചു.
ദില്ലി: ദില്ലിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ആകാശത്ത് വെച്ച് വാതിലിന് തകരാർ സംഭവിച്ചു. ആശങ്കയുണ്ടാക്കുന്ന ശബ്‍ദങ്ങളും കുലുക്കവും ഉണ്ടായതോടെ ജീവനക്കാരും ആശങ്കയിലായി. ജീവനക്കാർ നാപ്കിനുകൾ ഉപയോഗിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സമാനമായ സംഭവങ്ങൾ ബോയിംഗ് 787 വിമാനങ്ങളിൽ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്തരം വാതിൽ പ്രശ്നങ്ങൾ വിമാനത്തിന്‍റെ സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ജൂൺ ഒന്നിനാണ് ഈ സംഭവം നടന്നത്. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് ബോയിംഗ് 787 വിമാനത്തിന്‍റെ വാതിൽ കുലുങ്ങാനും ശബ്‍ദങ്ങൾ കേൾക്കാനും തുടങ്ങിയത്. വിമാനജീവനക്കാർ വാതിലിന്‍റെ വിടവിൽ പേപ്പർ നാപ്കിനുകൾ തിരുകി അടയ്ക്കുകയും ശബ്‍ദം കുറയ്ക്കുകയും ചെയ്താണ് ഹോങ്കോംഗ് വരെ യാത്ര തുടര്‍ന്നത്.
ബോയിംഗ് 787 വിമാനത്തിൽ വാതിൽ പ്രശ്നമുണ്ടാകുന്ന ആദ്യ സംഭവമല്ല ഇത്. 2019ൽ ജപ്പാൻ എയർലൈൻസിലും 2022ൽ ജർമ്മൻ കാരിയർ ടിയുഐ എയർലൈൻസിലും അമേരിക്കൻ എയർലൈൻസിലും ഉൾപ്പെടെ കുറഞ്ഞത് മൂന്ന് സമാന സംഭവങ്ങൾ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് കേസുകളിലും, വാതിലിൽ നിന്നുള്ള ശബ്‍ദം കാരണം പൈലറ്റുമാർ വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.
ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ 275 പേർ മരിച്ചതിനെത്തുടർന്ന് ബോയിംഗ് 787 വിമാനവും അതിന്റെ സുരക്ഷാ ആശങ്കകളും ശ്രദ്ധാകേന്ദ്രമായിരുന്നു. ഹോങ്കോങ്ങിലേക്കുള്ള ഈ സംഭവം അതിനുമുമ്പാണ് നടന്നത്. ഇത്തരം സംഭവങ്ങൾ യാത്രക്കാർക്ക് ഭയമുണ്ടാക്കുമെങ്കിലും, വാതിലിൽ നിന്നുള്ള ശബ്‍ദം വിമാനത്തിന്‍റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുണ്ടാക്കുന്നില്ലെന്നും വിമാനത്തിന്റെ വാതിലുകൾ പറക്കുമ്പോൾ തുറക്കില്ലെന്നും പൈലറ്റുമാർ ചൂണ്ടിക്കാട്ടി.
ജൂണ്‍ 1 രാത്രി 11.45-ന് ദില്ലിയിൽ നിന്ന് പുറപ്പെട്ട AI-314 വിമാനത്തിലാണ് ഈ സംഭവം നടന്നത്. ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം വാതിൽ കുലുങ്ങാനും ശബ്‍ദമുണ്ടാക്കാനും തുടങ്ങി. വായു മർദ്ദം കാരണം വാതിലിന്‍റെ സീൽ ഇളകിയതായി തോന്നിയെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് നിരവധി സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വ്യകത്മാക്കി. സുരക്ഷയ്ക്ക് ഒരു അപകടവുമില്ലെന്ന് വിലയിരുത്തിയ ശേഷം, ശബ്‍ദം കുറയ്ക്കാൻ ജീവനക്കാർ നടപടി സ്വീകരിച്ചു. ഹോങ്കോങ്ങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം എഞ്ചിനീയറിംഗ് ടീം വിമാനം പരിശോധിച്ചുവെന്നും കമ്പനി വ്യക്തമാക്കി.


