ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അതിനുശേഷം ഇവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമെന്നും ഈസ്റ്റ് ഗാരോ ഹിൽസ് പോലീസ്
ഈസ്റ്റ് ഗാരോ ഹിൽസ്:മേഘാലയയിൽ വാഹന പരിശോധനക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ആയുധധാരികളെ വധിച്ച് പോലീസ്. ഈസ്റ്റ് ഗാരോ ജില്ലയിലാണ് ഭീകര വിരുദ്ധ സ്ക്വാഡിന്റെ നടപടി. ഈസ്റ്റ് ഗാരോ ഹിൽസിലെ സോങ്സാക് മേഖലയിൽ പുലർച്ചെ നാലുമണിയോടെ പോലീസ് നാക്കാ ചെക്കിംഗ് നടത്തവെയാണ് സംഭവം നടന്നത്. തടഞ്ഞുനിർത്തി പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നേരെ വാഹനത്തിലുണ്ടായിരുന്നവർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരിച്ചടിയിലാണ് നാലുപേർക്കും പരിക്കേൽക്കുകയും പിന്നീട് ഇവർ മരണപ്പെടുകയും ചെയ്തത്.
കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അതിനുശേഷം ഇവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമെന്നും ഈസ്റ്റ് ഗാരോ ഹിൽസ് പോലീസ് സൂപ്രണ്ട് സ്വപ്നിൽ പവാർ അറിയിച്ചു. കൊല്ലപ്പെട്ടവർക്ക് മുൻപ് കടുത്ത ക്രിമിനൽ പശ്ചാത്തലമോ ക്രിമിനലുകളുമായി ബന്ധമോ ഉണ്ടായിരിക്കാമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഓഗസ്റ്റ് 25ന് സംസ്ഥാന അതിർത്തിക്ക് സമീപമുള്ള താപ്രയിൽ നടന്ന സംഭവവുമായി ഇവർക്ക് ബന്ധമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും മുൻകാല കുറ്റകൃത്യങ്ങളിൽ ഇവർക്കുള്ള പങ്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്നും പോലീസ് വിശദമാക്കുന്നത്.


