2017ലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിൽ, ബിജെപിക്കും മോദിക്കുമെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉത്തരേന്ത്യൻ പാര്‍ട്ടി എന്ന പ്രതിച്ഛായ മാറ്റാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നീക്കം.

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, തമിഴ്നാട്ടിൽ പുതിയ നീക്കവുമായി ബിജെപി. അടുത്ത വര്‍ഷത്തെ ജെല്ലിക്കെട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആണ് ഇക്കാര്യം അറിയിച്ചത്. 2017ലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിൽ, ബിജെപിക്കും മോദിക്കുമെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉത്തരേന്ത്യൻ പാര്‍ട്ടി എന്ന പ്രതിച്ഛായ മാറ്റാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നീക്കം. 

തമിഴ്നാട്ടിൽ 25 ലോക്സഭാ സീറ്റിലാണ് ബിജെപി വിജയം ലക്ഷ്യം വെക്കുന്നതെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ 39 ലോക്സഭാ സീറ്റിൽ 5 എണ്ണത്തിലാണ് ബിജെപി മത്സരിച്ചത്. മൂന്നര ശതമാനം വോട്ടും നേടി. ഇത്തവണ 11 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ബിജെപിയോട് അടുത്തുള്ള വൃത്തങ്ങളിൽ നിന്ന് സൂചനയുണ്ടായിരുന്നത്. അതിനിടെയാണ് 25 സീറ്റിൽ മത്സരിക്കുമെന്ന അമിത് ഷായുടെ പരാമർശം ഉണ്ടാവുന്നത്. അമിത്ഷായുടെ പ്രസ്താവനയിൽ പ്രതിഷേധവുമായി അണ്ണാ ഡിഎംകെ രംഗത്ത് വന്നിരുന്നു. സീറ്റ്‌ വിഭജനം തങ്ങൾ തീരുമാനിക്കുമെന്നായിരുന്നു അണ്ണാ ഡിഎംകെയുടെ മറുപടി.

Also Read: നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: വിശദാംശങ്ങൾ ആരാഞ്ഞ് ഗവർണർ, കേസെടുത്ത് പൊലീസ്

അതേസമയം, ബിജെപിക്കതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. ബിജെപി ഭരണം രാജ്യത്തിന് ആപത്താണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. മോദി ഇനിയും തുടര്‍ന്നാൽ, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള തമിഴ് സംസ്കാരം നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. കരുണാനിധി സ്മാരക ഉദ്ഘാടന വേദിയിലായിരുന്നു എം കെ സ്റ്റാലിന്‍റെ വിമര്‍ശനം. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ അനാരോഗ്യം കാരണം നിതീഷ് കുമാര്‍ ചടങ്ങില്‍ നിന്ന് പിന്മാറി.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

YouTube video player