Asianet News MalayalamAsianet News Malayalam

ഇല്ല, ഞങ്ങൾ പിന്മാറില്ല: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുമെന്ന് ജാമിയ വിദ്യാർത്ഥികൾ

  • സർവ്വകലാശാലയിൽ അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു
  • ജാമിയ മിലിയ സർവകലാശാല മുഴുവനും വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ടെന്ന് വൈസ് ചാൻസലറുടെ ഉറപ്പ്
Anti CAA protest will continue says Jamia students
Author
New Delhi, First Published Dec 16, 2019, 10:21 AM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥികൾ. കസ്റ്റഡിയിലുള്ള മുഴുവൻ വിദ്യാർത്ഥികളെയും പൊലീസ് വിട്ടയച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും വിട്ടയക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സർവ്വകലാശാലയിൽ അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. 

അതേസമയം ജാമിയ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളിൽ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങി. 60 ഓളം വരുന്ന മലയാളി വിദ്യാർത്ഥികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇന്നലത്തെ പൊലീസ് നടപടിയിൽ ഭയന്നാണ് മടക്കം.

പൊലീസ് നടപടി ഭയപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ രാത്രിയിലും കാമ്പസിൽ ഭീകരാന്തരീഷം പൊലീസ് ഉണ്ടാക്കിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജാമിയ മിലിയ സർവ്വകലാശാല അടുത്ത മാസം 5 വരെ അടച്ച് വൈസ് ചാൻസലർ നജ്‌മ അക്തർ അറിയിപ്പ് പുറപ്പെടുവിച്ചു. എന്നാൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാൻ ആകാത്തതാണെന്നും വിസി കുറ്റപ്പെടുത്തി.

വിദ്യാർഥികളെ പോലീസ് ക്രൂരമായി നേരിട്ടുവെന്നും വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ലെന്നും അവർ പറഞ്ഞു. ജാമിയ മിലിയ സർവകലാശാല മുഴുവനും നിങ്ങൾക്ക് ഒപ്പം ഉണ്ട്. യാതൊരു തരത്തിലുള്ള ഭയവും വേണ്ടെന്നും വിസി വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. സർവകലാശാല ഇറക്കിയ വീഡിയോയിൽ ആണ് വിസി നിലപാട് അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios