പാസ്പോർട്ടും ആധാർ കാർഡും ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകളല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. 1955-ലെ പൗരത്വ നിയമപ്രകാരം, വോട്ടർ ഐഡി കാർഡും നിർദ്ദിഷ്‌ട വ്യവസ്ഥകളോടു കൂടിയ ജനന സർട്ടിഫിക്കറ്റുമാണ് പൗരത്വം നിയമപരമായി തെളിയിക്കാൻ പ്രധാനമായും ആശ്രയിക്കാവുന്ന രേഖകൾ.
ന്യൂഡൽഹി: ഇന്ത്യയിൽ പൗരത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ മാനദണ്ഡങ്ങളെയും അതിനായി സാധാരണ പൗരന്മാർ കരുതേണ്ട ഔദ്യോഗിക രേഖകളെയും കുറിച്ച് ഗൗരവമേറിയ ചർച്ചകൾക്കാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ കഴിഞ്ഞ ദിവസത്തെ അറിയിപ്പ് വഴിതുറന്നത്. പാസ്പോർട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും യാത്രാരേഖ മാത്രമെന്നുമായിരുന്നു അതിൽ വ്യക്തമാക്കിയത്. ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് സജീവമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പൗരത്വം തെളിയിക്കാൻ ഏതെല്ലാം രേഖകളാണ് ആവശ്യമായി വരിക എന്നതാണ് ഇപ്പോൾ ജനം പരസ്പരം ചോദിക്കുന്ന ചോദ്യം.
നമ്മൾ നിത്യജീവിതത്തിൽ വ്യക്തിവിവരങ്ങൾക്കും വിലാസം തെളിയിക്കാനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആധാർ കാർഡ് യഥാർത്ഥത്തിൽ ഒരു പൗരത്വ രേഖയല്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. ആധാർ ഇന്ത്യയിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ ബയോമെട്രിക് തിരിച്ചറിയൽ രേഖ മാത്രമാണ്. ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ഉണ്ടെന്നുള്ളതിന്റെ നിയമപരമായ തെളിവല്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി ആധാർ ഉപയോഗിക്കുമ്പോഴും പൗരത്വത്തിന്റെ കാര്യത്തിൽ ഇതിന് നിയമസാധുതയില്ലെന്ന് അധികൃതർ മുൻപും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വ്യക്തിയുടെ ഇന്ത്യൻ പൗരത്വം നിയമപരമായി തെളിയിക്കാൻ പ്രധാനമായും രണ്ട് രേഖകളാണ് ആശ്രയിക്കാവുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം പൗരന്മാർക്ക് മാത്രമായതിനാൽ വോട്ടർ ഐഡി കാർഡ് ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. കൂടാതെ, 1987 ജനുവരി 1-ന് മുൻപ് ഇന്ത്യയിൽ ജനിച്ചവർക്കോ, അല്ലെങ്കിൽ അതിനുശേഷം ജനിച്ച മാതാപിതാക്കളുടെ പൗരത്വ വിവരങ്ങൾ വ്യക്തമാക്കുന്ന തരത്തിലുള്ള ഔദ്യോഗിക ജനന സർട്ടിഫിക്കറ്റോ പൗരത്വത്തിന്റെ ശക്തമായ തെളിവായി ഉപയോഗിക്കാം. 1955-ലെ ഇന്ത്യൻ പൗരത്വ നിയമപ്രകാരമാണ് രാജ്യത്ത് ഒരാളുടെ പൗരത്വം നിർണ്ണയിക്കുന്നത്. ജനനം വഴിയോ, വംശപാരമ്പര്യം വഴിയോ, രജിസ്ട്രേഷൻ വഴിയോ അല്ലെങ്കിൽ സ്വാഭാവിക പൗരത്വം വഴിയോ ആണ് ഒരാൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. അതിനാൽ തന്നെ, വരും നാളുകളിൽ പൗരത്വവുമായി ബന്ധപ്പെട്ട പരിശോധനകളോ തർക്കങ്ങളോ ഉണ്ടായാൽ സാധാരണക്കാരായ ജനങ്ങൾ തങ്ങളുടെ പൗരത്വം തെളിയിക്കാൻ കൃത്യമായ രേഖകൾ കയ്യിൽ കരുതേണ്ടത് അനിവാര്യമാണ്.


