ദില്ലി: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് പഞ്ചാബിലേക്ക് ആയുധങ്ങള്‍ കടത്തിയത്. ഇതിനു പിന്നില്‍ ഖലിസ്ഥാന്‍ വാദികളായ ഭീകരസംഘടനകളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

80 കിലോ ആയുധങ്ങളാണ് പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് എത്തിച്ചത്. ആയുധങ്ങള്‍ വഹിക്കുന്ന ചൈനീസ് ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്. ഐഎസ്ഐയുടെ സഹായത്തോടെയാണ് ആയുധങ്ങള്‍ കടത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. 

ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പൊലീസില്‍ നിന്നും വിരമിച്ച ഉനന്ത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഐഎസ്ഐ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാനഡയില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഖലിസ്ഥാന്‍ ഭീകരരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു വിവരം. പ്രോജക്ട് ഹാര്‍വെസ്റ്റിങ് കാനഡ് എന്ന പേരിലാണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മാസങ്ങള്‍ക്കു മുമ്പ് സുരക്ഷാ ഏജന്‍സികള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Read More: വിരമിച്ച ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട്‌ പാക്‌ ചാരസംഘടന; കൂട്ടുപിടിക്കുന്നത്‌ ഖലിസ്ഥാന്‍ വാദികളെ

ഇന്ത്യന്‍ സൈന്യത്തിലെ സിഖ് ജവാന്മാര്‍ ഇന്‍റലിജന്‍സ് നിരീക്ഷണത്തിലാണെന്ന തരത്തിലുള്ള വ്യാജ അറിയിപ്പും മിലിട്ടറി ഇന്‍റലിജന്‍സിന്‍റെ പേരില്‍ ഐഎസ്ഐ പ്രചരിപ്പിച്ചിരുന്നു. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിനെയാണ് ഐഎസ്ഐ ഇതിനായി ഉപയോഗിച്ചത്. പഞ്ചാബിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സിഖ് ജനതയെ ഇന്ത്യക്കെതിരെയാക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

പ്രധാന ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് 35 വര്‍ഷമായി തുടര്‍ന്നിരുന്ന വിലക്ക് കഴിഞ്ഞയാഴ്ച ഇന്ത്യ നീക്കിയതായി ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, പ്രത്യേക സിഖ് രാജ്യം എന്ന ആവശ്യമുന്നയിച്ചു എന്നീ തീവ്രവാദ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇത്തരത്തില്‍ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ 314 പേരില്‍ 312 പേരുടെ വിലക്ക് നീക്കിയതായായിരുന്നു റിപ്പോര്‍ട്ട്. 

Read More: 312 ഖലിസ്ഥാന്‍ തീവ്രവാദികളുടെ വിലക്ക് ഇന്ത്യ നീക്കിയതായി റിപ്പോര്‍ട്ട്

സെപ്തംബര്‍ 30ന് മദ്രാസ് ഹൈക്കോടതിയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരവാദി ഭീഷണിയുയര്‍ത്തിയതായും കഴിഞ്ഞയാഴ്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഖലിസ്ഥാൻ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹർദർശൻ സിംഗ് നാഗ്‍പാല്‍ എന്നയാളുടെ പേരിലയച്ച കത്താണ് ഹൈക്കോടതി റജിസ്ട്രാർക്ക് ലഭിച്ചത്. 

Read More: മദ്രാസ് ഹൈക്കോടതിയില്‍ സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍റെ പേരില്‍ ഭീഷണിക്കത്ത്