സഹപ്രവർത്തകരായ സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി വഴിവിട്ട ബന്ധം പുലർത്തിയെന്ന പരാതിയിൽ ഇന്ത്യൻ ആർമി മേജർക്ക് പുറത്താക്കൽ നോട്ടീസ്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെങ്കിലും പിന്നീട് ഇവർ വേർപിരിയുകയും പരാതി പിൻവലിക്കാൻ തയ്യാറാവുകയും ചെയ്തു. നോട്ടീസിനെതിരെ മേജർ നൽകിയ ഹർജിയിൽ സ്റ്റേ അനുവദിക്കാൻ ആംഡ് ഫോഴ്സസ് ട്രിബ്യൂണൽ വിസമ്മതിച്ചു.
ഡൽഹി: സഹപ്രവർത്തകരായ സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി വഴിവിട്ട ബന്ധം പുലർത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ ആർമിയിലെ മേജർക്ക് നോട്ടീസ്. സർവീസിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥൻ്റെ പേര് വാർത്ത പുറത്തുവിട്ട ദി ഇന്ത്യൻ എക്സ്പ്രസ് വെളിപ്പെടുത്തിയിട്ടില്ല. നടപടിക്കെതിരെ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജിയിൽ സ്റ്റേ അനുവദിക്കാൻ ആംഡ് ഫോഴ്സസ് ട്രിബ്യൂണൽ വിസമ്മതിച്ചു.
ഭാര്യ 2023 ഓഗസ്റ്റിൽ പ്രതിരോധ മന്ത്രാലയത്തിലെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ (ഡിസിപ്ലിൻ ആൻഡ് വിജിലൻസ്) - ന് നൽകിയ രേഖാമൂലമുള്ള പരാതിയിലാണ് കേസിൻ്റെ തുടക്കം. രണ്ട് കേണൽമാരുടെ ഭാര്യമാർ ഉൾപ്പെടെ നാല് സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തി, ലഹരി ഉപയോഗിച്ചു, ഫോണിൽ നിരോധിത ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തു, മൊബൈൽ ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉദ്യോഗസ്ഥനെതിരെയുള്ളത്. ഇത് സംബന്ധിച്ച് ആർമിയുടെ ക്വോർട്ട് ഓഫ് എൻക്വയറി അന്വേഷണം നടത്തിയിരുന്നു.
എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും വിളിച്ചുവരുത്തുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതനായ മേജർ ചൂണ്ടിക്കാട്ടി, സൈനിക ചട്ടം 180 ലെ നിർബന്ധിത വ്യവസ്ഥകൾ അന്വേഷണത്തിൽ ലംഘിച്ചുവെന്നും ഡിജിറ്റൽ ഉപകരണങ്ങൾ (മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, പെൻ ഡ്രൈവുകൾ) പിടിച്ചെടുക്കുന്നതിലും താൻ കുടുംബമായി താമസിച്ച സ്ഥലം പരിശോധിക്കുന്നതിലും ക്രമക്കേടുകൾ നടന്നതായും അദ്ദേഹം ആരോപിച്ചു. 2025 മാർച്ചിൽ അന്വേഷണ സംഘം താത്കാലിക കുറ്റപത്രം തയ്യാറാക്കിയപ്പോഴും കേണൽമാരുടെ ഭാര്യമാരെ വിളിച്ചുവരുത്തി അന്വേഷണം നടത്തണമെന്ന് മേജർ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് 2026 മാർച്ച് 30 ൽ മേജറും ഭാര്യയും വേർപിരിഞ്ഞു. ഈ ഒത്തുതീർപ്പ് പ്രകാരം തനിക്കെതിരെ നൽകിയ പരാതി പിൻവലിക്കാനും ആരോപണങ്ങൾ അടിസ്താന രഹിതമെന്ന് സത്യവാങ്മൂലം സമർപ്പിക്കാനും പരാതിക്കാരി തയ്യാറായി. ഇതിനാൽ തന്നെ പുറത്താക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നിയമവിരുദ്ധമെന്ന് മേജർ വാദിക്കുന്നു. അതേസമയം പുറത്താക്കൽ നോട്ടീസിന് മറുപടി നൽകുമ്പോൾ ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കണമെന്ന് വ്യക്തമാക്കിയാണ് ആംഡ് ഫോഴ്സസ് ട്രിബ്യൂണൽ മേജറുടെ ഹർജി തീർപ്പാക്കിയത്.


