ഗുജറാത്തിലെ അഹമ്മദാബാദിൽ മതപരമായ ചടങ്ങിനിടെ 'സേവ്-ഖമാനി' എന്ന ലഘുഭക്ഷണം കഴിച്ച 96 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ മതപരമായ ചടങ്ങിനിടെ നൽകിയ ലഘു ഭക്ഷണം കഴിച്ച 96 പേരെ ഭക്ഷ്യ വിഷ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദ് ജില്ലയിലെ ഡെട്രോജ് താലൂക്കിലുള്ള രാജ്പുര ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി നടന്ന ചടങ്ങിൽ നൽകിയ 'സേവ്-ഖമാനി' എന്ന ഗുജറാത്തി ലഘുഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

ഭക്ഷണം കഴിച്ച ഉടൻ പലർക്കും ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. 96 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 38 പേർ ഇപ്പോഴും ചികിത്സയിലാണ്. മുൻകരുതൽ നടപടിയായി ചടങ്ങിൽ പങ്കെടുത്ത മറ്റ് 214 പേർക്കും പ്രാഥമിക ചികിത്സ നൽകി. ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. സേവ് ഖമാനി നൽകിയ സ്ഥലത്തെ വെള്ളത്തിൻ്റെ സാമ്പിളും ഉദ്യോഗസ്ഥർ പരിശോധനക്ക് അയച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ നില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിനെയും പൊലീസിനെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചെങ്കിലും കേസെടുത്തോയെന്ന് വ്യക്തമല്ല.