ദില്ലി: നിര്‍ഭയകേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പിലായ സാഹചര്യത്തില്‍ പ്രതികരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.  നിര്‍ഭയ പോലുള്ള സംഭവങ്ങൾ ഇനി ഉണ്ടാവില്ല എന്ന് നമ്മൾ പ്രതിജ്ഞ എടുക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. നിര്‍ഭയയ്ക്ക് നീതി നടപ്പാക്കാൻ ഏഴ് വർഷം കാത്തിരിക്കേണ്ടി വന്നു. കുറ്റവാളികൾ നമ്മുടെ നിയമത്തെ എങ്ങനെ വളച്ചൊടിച്ചുവെന്നും നമ്മള്‍ കണ്ടു. നിയമ വ്യവസ്ഥയിൽ പഴുതുകൾ ഉണ്ട്. ഈ പഴുതുകളുപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടും. കൃത്യം നടന്നതിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ക്കും മൂന്ന് മാസങ്ങള്‍ക്കും ശേഷമാണ് നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കപ്പെടുന്നത്.  നിയമ വ്യവസ്ഥ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു. 

ഒടുവില്‍ ഇന്ത്യയുടെ മകള്‍ക്ക് നീതി; നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി

'നീതി നടപ്പായി, നിർഭയ അമർ രഹേ', തിഹാർ ജയിലിന് മുന്നിൽ ഹർഷാരവം, സന്തോഷം

നിര്‍ഭയ കേസിലെ മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക്  നടപ്പാക്കിയത്. ആദ്യമായാണ് നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നത്. സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ പെടുന്നതെന്നാണ് നിര്‍ഭയ കേസില്‍ കോടതികള്‍ വിധിയെഴുതിയത്.  2012 ഡിസംബര്‍ 16ന് ദില്ലിയിലാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ക്രൂരബലാത്സംഗം നടന്നത്.