ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവന വിവാദമായി. ഇതിനെതിരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. 

ദില്ലി: ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയെച്ചൊല്ലി വിവാദം. കേന്ദ്ര മന്ത്രിയും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും മന്ത്രിയും തമ്മിൽ വാക്പോര് തന്നെ നടന്നു. ഇത് അവകാശങ്ങളാണ്, ദാനമല്ല എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒവൈസി റിജിജുവിനെ രൂക്ഷമായി വിമർശിച്ചു. ഒരു രാജാവിനെപ്പോലെയാണ് റിജിജു പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച ഒവൈസി, അദ്ദേഹത്തെ ന്യൂനപക്ഷ വിരുദ്ധ മന്ത്രി എന്നും വിളിച്ചു. ഇന്ത്യൻ മുസ്ലിങ്ങൾ ഇപ്പോൾ രാജ്യത്തെ പൗരന്മാരല്ല, മറിച്ച് ബന്ദികളാണെന്നും ഒവൈസി പറഞ്ഞു.

ഭൂരിപക്ഷ സമുദായത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ഏക രാജ്യം ഇന്ത്യയാണ് എന്നാണ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന തത്വം ഉയർത്തിപ്പിടിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇന്ത്യയുടെ വളർച്ചാ കഥയിൽ തുല്യ പങ്കാളിത്തം നേടാൻ സഹായിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തേക്കാൾ... അതായത് ഹിന്ദുക്കളെക്കാൾ കൂടുതൽ ഫണ്ടും പിന്തുണയും സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ട് എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ട പ്രധാന കാര്യം എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.

ഒവൈസി ഉടൻ തിരിച്ചടിച്ചു, 'നിങ്ങൾ ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ മന്ത്രിയാണ്, ഒരു രാജാവല്ല. നിങ്ങൾ ഒരു ഭരണഘടനാ പദവി വഹിക്കുന്നു, സിംഹാസനമല്ല. ന്യൂനപക്ഷ അവകാശങ്ങൾ മൗലികാവകാശങ്ങളാണ്, ദാനമല്ല'. പാകിസ്ഥാനി, ബംഗ്ലാദേശി, ജിഹാദി, റോഹിങ്ക്യ എന്നിങ്ങനെയുള്ള പേരുകളിൽ എല്ലാ ദിവസവും വിളിക്കപ്പെടുന്നത് ഒരു ആനുകൂല്യമല്ല. ആൾക്കൂട്ട കൊലപാതത്തിന് ഇരയാകുന്നതോ വീടുകളും മതപരമായ സ്ഥലങ്ങളും നിയമവിരുദ്ധമായി ബുൾഡോസ് ചെയ്യപ്പെടുന്നതോ ഒരു ആനുകൂല്യമല്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയിൽ നിന്ന് പോലും വിദ്വേഷ പ്രസംഗങ്ങളുടെ ലക്ഷ്യമാവുന്നത് ഒരു ബഹുമതിയാണോ എന്നും ഒവൈസി ചോദിച്ചു.

ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേമപദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇന്ത്യൻ മുസ്ലിങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാത്തതെന്ന് പറഞ്ഞ് റിജിജു തിരിച്ചടിച്ചു. നമ്മുടെ അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾ എന്തുകൊണ്ടാണ് ഇന്ത്യയിലേക്ക് വരാൻ ഇഷ്ടപ്പെടുന്നത്, നമ്മുടെ ന്യൂനപക്ഷങ്ങൾ കുടിയേറാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ പ്രതികരണത്തിന് ഒവൈസി രൂക്ഷമായ മറുപടി നൽകി. 'ബഹുമാനപ്പെട്ട ന്യൂനപക്ഷ വിരുദ്ധ മന്ത്രിയുടെ അഭിപ്രായത്തിൽ, ഞങ്ങൾ കുടിയേറുന്നില്ലെങ്കിൽ അതിനർത്ഥം ഞങ്ങൾ സന്തുഷ്ടരാണെന്നാണ്. വാസ്തവത്തിൽ, ഞങ്ങൾ ഒളിച്ചോടുന്ന സ്വഭാവക്കാരല്ല. ബ്രിട്ടീഷുകാരിൽ നിന്ന് ഞങ്ങൾ ഓടിപ്പോയില്ല, വിഭജനകാലത്ത് ഞങ്ങൾ ഓടിപ്പോയില്ല. ജമ്മു, നെല്ലി, ഗുജറാത്ത്, മൊറാദാബാദ്, ഡൽഹി തുടങ്ങിയ കൂട്ടക്കൊലകൾ കാരണം ഞങ്ങൾ ഓടിപ്പോയില്ല" - ഒവൈസി കുറിച്ചു.

"ഞങ്ങൾ ഞങ്ങളെ അടിച്ചമർത്തുന്നവരുമായി സഹകരിക്കുകയോ അവരിൽ നിന്ന് ഒളിച്ചിരിക്കുകയോ ചെയ്യുന്നില്ലെന്ന് ഞങ്ങളുടെ ചരിത്രം തെളിയിക്കുന്നു. ഞങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കായി എങ്ങനെ പോരാടണമെന്ന് ഞങ്ങൾക്ക് അറിയാം, ഇൻഷാ അല്ലാഹ് ഞങ്ങൾ പോരാടും" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ മുസ്ലിങ്ങൾ ഇപ്പോൾ രണ്ടാംതരം പൗരന്മാരായിപ്പോലും പരിഗണിക്കപ്പെടുന്നില്ലെന്നും ബന്ദികളായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ പരാജയപ്പെട്ട രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുമായി ഇന്ത്യൻ മുസ്ലിങ്ങളെ താരതമ്യം ചെയ്യുന്നത് നിർത്താനും ഒവൈസി റിജിജുവിനോട് ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിലെ മറ്റ് ന്യൂനപക്ഷങ്ങളുമായി താരതമ്യം ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ഭൂരിപക്ഷ സമുദായത്തിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ഞങ്ങൾ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ് ആവശ്യപ്പെടുന്നതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.