ഏഴുപത്തിയഞ്ചാം വാർഷിക നിറവില്‍ ഇന്ത്യൻ  സ്വാതന്ത്ര്യസമര ചരിത്രം യുവ തലമുറയിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നൊരുക്കിയ അമൃത് മഹോത്സവ യാത്ര കര്‍ണാടകയിലെ പ്രയാണം പൂർത്തിയാക്കി.

ബെംഗളൂരു: ഏഴുപത്തിയഞ്ചാം വാർഷിക നിറവില്‍ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം യുവ തലമുറയിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നൊരുക്കിയ അമൃത് മഹോത്സവ യാത്ര കര്‍ണാടകയിലെ പ്രയാണം പൂർത്തിയാക്കി. ജൂലൈ 20ന് ഗവർണർ തവർചന്ദ് ഗെലോട്ട് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര കർണാടകയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി.

കർണാടകയിലെ പ്രയാണം പൂർത്തിയാക്കി അടുത്ത സംസ്ഥാനങ്ങളിലേക്ക് കടക്കുന്ന യാത്രയുടെ ഫ്ലാഗ് റവന്യൂ മന്ത്രി ആർ അശോക് കൈമാറി. യാത്രയിൽ പങ്കെടുത്ത എൻസിസി കേഡറ്റുകൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ നൽകി. കന്നഡ പ്രഭ- സുവർണ്ണ ന്യൂസ് ചീഫ് മെന്റ്ർ രവി ഹെഗ്ഡെ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് അനിൽ സുരേന്ദ്ര, പ്രമുഖ ഡോക്ടർ ഋഷികേഷ് ദംലെ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ആന്ധ്രാ പ്രേദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് ,ദില്ലി, ഹരിയാന, ചണ്ഡീഗഢ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രയാണം പൂർത്തിയാക്കി ലഡാക്കിലാണ് യാത്ര അവസാനിക്കുന്നത്. 

Read more:  സമരചരിത്രമറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്ര കര്‍ണ്ണാടകയില്‍; ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച വജ്ര ജയന്തി യാത്ര ശക്തവും ഏകീകൃതവുമായ ഒരു രാഷ്ട്രത്തിനായി വളരെ പ്രധാനപ്പെട്ടതാണെന്ന് ഉദ്ഘാടന സമയത്ത് ഗവര്‍ണര്‍ പറഞ്ഞിരുന്നു. 'സ്വാതന്ത്ര്യാനന്തരം എന്താണ് സംഭവിച്ചതെന്നും നമ്മുടെ രാജ്യത്തിനായി ഭാവിയിൽ എന്താണ് ചെയ്യേണ്ടതെന്നും നാം അറിയണം. നമ്മുടെ രാജ്യം നമുക്ക് എല്ലാം തന്നിട്ടുണ്ട്, ഇപ്പോൾ നമുക്ക് തിരിച്ച് അനുഗ്രഹം നൽകേണ്ട സമയമാണിത്. രാജ്യത്തിന് വേണ്ടി ഒരാൾ എന്ത് സംഭാവനയാണ് നൽകേണ്ടതെന്ന് ഈ യാത്ര ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കും- എന്നും ഗെലോട്ട് പ്രത്യാശ പ്രകടിപ്പിക്കുകയായിരുന്നു.

Read more: ഇന്ത്യൻ സൈന്യത്തിനൊപ്പം വജ്രജയന്തി യാത്രാസംഘത്തിന്റെ ഒരു ദിവസം

അമൃത മഹോത്സവ യാത്ര കർണാടകയിൽ നടക്കുന്നത് അഭിമാന നിമിഷമാണെന്നായിരുന്നു ഏഷ്യാനെറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയുടെ ഉദ്ഘാടന വേളയിലെ വാക്കുകൾ. 'കർണാടക മനോഹരമായ സംസ്ഥാനമാണ്. ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ കർണാടകയിലെ ഏഴ് അത്ഭുതങ്ങൾ കണ്ടെത്താനുള്ള ശ്രമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത് അന്വർത്ഥമാക്കുന്നതായിരുന്നു യാത്ര. ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം ദേശീയ സൈനികരുടെ സ്മാരകം സന്ദർശിച്ചു തുടങ്ങിയ യാത്രയാണ് കർണാടകയിൽ വിവിധ സുപ്രധാന കേന്ദ്രങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയത്.