ഗുവാഹത്തി: പശുക്കളിലെ പാലുല്‍പാദനം വര്‍ധിപ്പിക്കാന്‍ പുതിയ മാര്‍ഗവുമായി അസ്സമിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ദിലീപ് കുമാര്‍ പോള്‍. ശ്രീകൃഷ്ണന്‍ വായിക്കുന്നതുപോലെയുള്ള ഓടക്കുഴല്‍ നാദം കേട്ടാല്‍ പശുക്കള്‍ കൂടുതല്‍ പാല്‍ ചുരത്തുമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. സില്‍ചാര്‍ എംഎല്‍എ ആയ ഇദ്ദേഹം ശനിയാഴ്ച തന്റെ മണ്ഡലത്തില്‍ നടന്ന ഒരു സാംസ്‌കാരിക പരിപാടിയിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

പാട്ടും നൃത്തവും എങ്ങനെ പോസിറ്റീവ് ആയ ഫലമുണ്ടാക്കുന്നുവെന്ന് താന്‍ ജനങ്ങളോട് വ്യക്തമാക്കിയതാണ് ഈ ഉദാഹരണമെന്ന് തന്‍റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണനെ പോലെ പുല്ലാങ്കുഴല്‍ വായിക്കുന്നത് കേള്‍ക്കുകയാണെങ്കില്‍ പശുക്കള്‍ കൂടുതല്‍ പാല്‍ നല്‍കുമെന്നതിന് ശാസ്ത്രീയമായി ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഗുജറാത്തിലെ ഒരു സംഘടന ഏതാനും വര്‍ഷങ്ങള്‍ക്ക് ഇത് തെളിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറുപടി. 

വിദേശ ബ്രീഡുകളില്‍ നിന്ന് ലഭിക്കുന്ന വെളുത്ത പാലിനേക്കാള്‍ ഇന്ത്യന്‍ ഇനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഇളം മഞ്ഞകലര്‍ന്ന നിറത്തിലുള്ള പാലാണ് കൂടുതല്‍ സ്വാദിഷ്ടവും ആരോഗ്യപ്രദവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പശുക്കളുടെ പാലില്‍ നിന്ന് നിര്‍മ്മിക്കുന്ന ചീസ്, ബട്ടര്‍, മുതലായവ വിദേശ ഇനങ്ങളുടേതിനേക്കാള്‍ മികച്ചതാണ്. 

അസ്സം, മേഘാലയ, പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെ അതിര്‍ത്തികള്‍ വഴി ഇന്ത്യയില്‍ നിന്നും പശുക്കളെ ബംഗ്ലാദേശിലേക്ക് കള്ളക്കടത്ത് നടത്തുകയാണ്. അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.