ദില്ലി: അയോധ്യ കേസിലെ ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലാണ് ഹർജികൾ പരിഗണിക്കുക. തുറന്ന കോടതിയിൽ വാദം കേൾക്കണമോ എന്നും കോടതി തീരുമാനിക്കും.

നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ച് അംഗ ബെഞ്ച് അയോധ്യകേസിൽ വിധി പറഞ്ഞത്.  2.77 ഏക്കർ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരിന് വിട്ടുനല്‍കാനാണ് സുപ്രീംകോടതി വിധിച്ചത്. ഈ ഭൂമി ക്ഷേത്രനിർമ്മാണത്തിന് കൈമാറുകയും പകരം അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി നൽകണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. ഇതിനെതിരെയാണ് പുനഃപരിശോധന ഹർജികൾ കോടതിയിലെത്തിയത്.