കോഴിക്കോട്: അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ട് ഓഫ് ഇന്ത്യ(എസ്‍ഡിപിഐ) ദേശീയ പ്രസിഡന്‍റ് എംകെ ഫൈസി. നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധമറിയിച്ചും കോടതി വിധിക്കെതിരായ ജനവികാരം അറിയിക്കാനും രാഷ്ട്രപതിക്ക് കത്തയക്കല്‍ ക്യാമ്പയിന്‍ നടത്തുമെന്നും ഫൈസി അറിയിച്ചു. അനീതി അവസാനിപ്പിക്കുക, ബാബ്‍രി മസ്ജിദ് പുന:സ്ഥാപിക്കുക, ബാബ്‍രി മസ്ജിദ് തകര്‍ത്തവരെ ജയിലിലടക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ഡിസംബര്‍ ആറിന് നടത്താറുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, അയോധ്യ കേസിൽ പുനപരിശോധനാ ഹർജി നൽകേണ്ടെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോർഡ് തീരുമാനിച്ചു. പള്ളി നിര്‍മിക്കുന്നതിനായി അയോധ്യയിൽ അഞ്ച് ഏക്കര്‍ സ്ഥലം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. 

തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയോട് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോർഡിന് വിയോജിപ്പുണ്ടായിരുന്നെങ്കിലും പുന:പരിശോധന ഹര്‍ജി നല്‍കേണ്ടെന്ന് വഖഫ് ബോര്‍ഡ് തീരുമാനമെടുത്തു. കേസിൽ പുനപരിശോധനാ ഹർജി നൽകാൻ മുസ്ലീം വ്യക്തിനിയമ ബോർഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പള്ളി നിർമ്മിക്കാനുള്ള അഞ്ചേക്കർ സ്വീകരിക്കേണ്ടെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചിരുന്നു.