പശ്ചിമ ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച ബന്ദ് തുടരുന്നു; ഹെൽമെറ്റ് വച്ച് സർവീസ് നടത്തി ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർ
പൊലീസ് കസ്റ്റഡിയിലെടുത്ത യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരായി പ്രതിഷേധിച്ചവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധിക്കുന്നത്. അതേസമയം ബന്ദ് നടത്താൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച ബന്ദ് തുടരുന്നു. കൊൽക്കത്തയിൽ അടക്കം ബസ് സർവീസുകൾ തടസപ്പെട്ടു. കടകൾ തുറന്നില്ല. പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മമത ബാനർജി ഏകാധിപത്യത്തിൻ്റെയും, ക്രൂരതയുടെയും എല്ലാ പരിധികളും ലംഘിച്ചു, മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ജെ പി നദ്ദ പറഞ്ഞു. ബംഗാൾ ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർ ഹെൽമെറ്റ് വച്ചാണ് സർവീസ് നടത്തുന്നത്.
പശ്ചിമബംഗാളിൽ രാവിലെ ആറ് മുതൽ വൈകീട്ട് 6 വരെ 12 മണിക്കൂറാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരായി പ്രതിഷേധിച്ചവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധിക്കുന്നത്. അതേസമയം ബന്ദ് നടത്താൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ജനജീവിതം സാധാരണ നിലയിൽ തന്നെ തുടരും, കടകൾ തുറക്കും, പൊതുഗതാഗത സംവിധാനങ്ങളും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് അലാപൻ ബാനർജി പറഞ്ഞു. ആരെങ്കിലും നിയമം ലംഘിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം