ഖിറ്റോളയിൽ ഇസാഫ് സ്മോൾ ഫിനാൻസ് ശാഖയിൽ ഓഗസ്റ്റ് 11ന് രാവിലെയാണ് കവർച്ച നടന്നത്. ആയുധധാരികളായ സംഘം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 14875 ഗ്രാം സ്വർണവും 5.7 ലക്ഷം രൂപയും കൊള്ളയടിച്ച് ഇവിടെ നിന്ന് കടക്കുകയായിരുന്നു

പട്ന: ജബൽപൂരിൽ ഇസാഫ് ബാങ്ക് പട്ടാപ്പകൽ കൊള്ളയടിച്ചതിന് പിന്നാലെ പ്രതികൾ സ്വർണ്ണം കടത്തിയത് ബീഹാറിലേക്കെന്ന് സൂചന. പിന്നാലെ മോഷണം പോയ സ്വർണ്ണം കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനായി പ്രത്യേക സംഘം ബീഹാറിൽ എത്തി. 15 കിലോ സ്വർണ്ണമാണ് കൊള്ളയടിച്ചത്. അറസ്റ്റിലായ നാല് പ്രതികളും രാജ്ഘട്ടിൽ മറ്റൊരു ബാങ്ക് കൊള്ളയും പദ്ധതിയിട്ടതായാണ് വിവരം. സംഭവത്തിന് പിന്നാലെ ചെറുകിട ബാങ്കുകളുടെ സുരക്ഷ സംബന്ധിച്ച് ഉന്നതതല യോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. ജബൽപൂരിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഖിറ്റോളയിൽ ഇസാഫ് സ്മോൾ ഫിനാൻസ് ശാഖയിൽ ഓഗസ്റ്റ് 11ന് രാവിലെയാണ് കവർച്ച നടന്നത്. ആയുധധാരികളായ സംഘം ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ബാങ്കിൽ നിന്ന് 14875 ഗ്രാം സ്വർണവും 5.7 ലക്ഷം രൂപയും കൊള്ളയടിച്ച് ഇവിടെ നിന്ന് കടക്കുകയായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഹെൽമറ്റ് വച്ച് മുഖം മറച്ചാണ് കൊള്ള നടത്തിയത്. ഈ സമയത്ത് ബാങ്കിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല. വെടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ കവർച്ച നടത്തിയതെന്നാണ് ജീവനക്കാർ പൊലീസിന് നൽകിയ മൊഴി.

അകത്ത് കയറിയ കൊള്ളക്കാർ ജീവനക്കാരെ കുറച്ച് നേരം നിരീക്ഷിച്ച ശേഷമാണ് തോക്ക് പുറത്തെടുത്ത് ഭീഷണിപ്പെടുത്തിയത്. പിന്നീട് ജീവനക്കാരുടെ കൈയ്യിൽ നിന്നും ലോക്കറുകളുടെ താക്കോൽ വാങ്ങിയെടുത്ത ശേഷം ലോക്കറുകളിൽ സൂക്ഷിച്ച മുഴുവൻ സ്വർണവും പണവും ബാഗുകളിലാക്കി ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. മാനേജറടക്കം ആറ് ജീവനക്കാർ ഈ സമയം ബാങ്കിലുണ്ടായിരുന്നു.

സംഭവത്തിൽ നിലവിൽ ഏഴ് പേർ കസ്റ്റഡിയിൽ ആയതായും മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞതായുമായാണ് പൊലീസ് വിശദമാക്കുന്നത്. ഛത്തീസ്ഗഡിലെ റായ്ഗഡ് ജയിലിനുള്ളിൽ വച്ചാണ് അക്രമി സംഘം ബാങ്ക് കൊള്ളയുടെ പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. കേസിലെ പ്രധാന പ്രതികളിലൊരാളായ റയീസ് സിംഗ് ലോധി മയക്കുമരുന്ന് കേസിൽ റായ്ഗഡ് ജയിലിൽ കഴിയുന്ന സമയത്ത് ജാർഖണ്ഡിൽ നിന്നുള്ള സംഘവുമായി ചേ‍ർന്നാണ് കൊള്ളയടിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. കൊള്ളസംഘത്തിന് ബാങ്കിനടുത്ത് താമസ സൗകര്യം അടക്കം തയ്യാറാക്കിയത് ഇയാളായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം